ഭോപാൽ: മധ്യപ്രദേശിലെ അഭിപ്രായ സർവേകൾ ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണെന്ന് കമൽനാഥ്. ബി.ജെ.പി തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
"ബി.ജെ.പി തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ പോകുകയാണ്. എന്നാൽ ചില അഭിപ്രായ സർവേകൾ ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തുമെന്ന തെറ്റായ ധാരണ സൃഷ്ടിച്ച് ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമാണ്. വോട്ടെണ്ണലിന് മുമ്പ് കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം തകർക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. എന്നാൽ ഈ ഗൂഢാലോചന ഫലം കാണില്ല" - കമൽനാഥ് പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകർ പൂർണ ശക്തിയോടെ രംഗത്തിറങ്ങണമെന്നും എല്ലാ കോൺഗ്രസ് ഭാരവാഹികളും മുന്നണി സംഘടനാ തലവന്മാരും വോട്ടെണ്ണൽ നീതിയുക്തമാക്കാൻ പ്രവർത്തിക്കണനെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടാണെന്നും വിജയത്തിനായി കാത്തിരിക്കുകയാണെന്നും എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ തന്നോട് നേരിട്ട് സംസാരിക്കുകയെന്നും കമൽനാഥ് വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
മധ്യപ്രദേശിലെ കോൺഗ്രസിന്‍റെ ചുമതലയുള്ള രൺദീപ് സുർജേവാല വോട്ടെണ്ണലിൽ കൃത്രിമം കാണിക്കാനുള്ള ശ്രമത്തിനെതിരെ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചാനൽ എഡിറ്റർമാരുടെ മനസിൽ പോലും സംശയം ജനിപ്പിച്ച അഭിപ്രായ സർവേയെയാണ് ബി.ജെ.പി ആശ്രയിക്കുന്നതെന്നും വോട്ടെണ്ണൽ വേളയിൽ സമ്മർദം സൃഷ്ടിക്കുക എന്ന ദുരുദ്ദേശ്യമാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെണ്ണലിൽ കൃത്രിമം കാണിക്കാൻ തയാറാകുന്ന ഉദ്യോഗസ്ഥർക്കെതിരെ കോൺഗ്രസ് സർക്കാർ രൂപീകരിച്ച ശേഷം നടപടിയുണ്ടാകുമെന്നും നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.