ഭോപാൽ: പാൽ കറന്നെടുക്കാൻ എരുമ സമ്മതിക്കുന്നില്ലെന്ന പരാതിയുമായി കർഷകൻ പൊലീസ് സ്റ്റേഷനിൽ. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം. തന്‍റെ എരുമ പാൽ കറന്നെടുക്കാൻ സമ്മതിക്കുന്നില്ലെന്നും ദുർമന്ത്രവാദമാണ് ഇതിന് കാരണമെന്നുമായിരുന്നു കർഷകനായ ബാബുലാൽ ജാദവിന്‍റെ പരാതി.
ശനിയാഴ്ച 45കാരൻ പരാതിയുമായി നായഗോൺ പൊലീസ് സ്റ്റേഷനിലെത്തിയതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. 'ശനിയാഴ്ച നായഗോൺ പൊലീസ് സ്റ്റേഷനിൽ 45കാരനായ ബാബുലാൽ ജാദവ് പരാതിയുമായെത്തി. കുറച്ചുദിവസമായി പാൽ കറന്നെടുക്കാൻ എരുമ വിസമ്മതിക്കുന്നുവെന്നായിരുന്നു പരാതി' -പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അരവിന്ദ് ഷാ പറഞ്ഞു.
ദിവസവും അഞ്ചുലിറ്റർ പാൽ എരുമ നൽകിയിരുന്നു. രണ്ടു ദിവസമായി എരുമ പാൽ നൽകാൻ സമ്മതിക്കുന്നില്ല. ദുർമന്ത്രവാദത്തെ തുടർന്നാണ് എരുമ പാൽ നൽകാൻ വിസമ്മതിക്കുന്നതെന്നും കർഷകന്‍റെ പരാതിയിൽ പറയുന്നു. പരാതി നൽകി നാലുമണിക്കൂറിന് ശേഷം വീണ്ടും ബാബുലാൽ എരുമയുമായെത്തി പൊലീസിന്‍റെ സഹായം തേടുകയായിരുന്നു.
'വെറ്ററിനറി ഉപദേശങ്ങൾ തേടുന്നതിന് കർഷകനെ സഹായിക്കാൻ സ്റ്റേഷൻ ഇൻ ചാർജിന് നിർദേശം നൽകിയിരുന്നു. കർഷകൻ ഇന്ന് വീണ്ടും പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഞായറാഴ്ച രാവിലെ പാൽ കറന്നെടുക്കാൻ എരുമ സമ്മതിച്ചുവെന്ന് അദ്ദേഹം അറിയിച്ചു' -ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.