‘‘നമ്മുടെ പവിത്രസങ്കൽപങ്ങളായ മതേതരത്വത്തിനും ജനാധിപത്യത്തിനും ദേശീയോദ്ഗ്രഥനത്തിനും തുരങ്കംവെക്കുന്ന വർഗീയതക്കെതിരായ പോരാട്ടമായിരിക്കണം പത്രങ്ങളുടെ ഇന്നത്തെ പരമപ്രധാനമായ ഉത്തരവാദിത്തം. വർഗീയതയുടെ ഭീകരമുഖം മീറത്തിൽ ഞാൻ നേരിട്ടറിഞ്ഞതാണ്. സമുദായങ്ങൾ ശത്രുരാജ്യങ്ങളെ ആക്രമിക്കുന്ന പരാക്രമത്തോടെ പരസ്പരം കടിച്ചുകീറി കൊല്ലുന്നു. വിഭജനാനന്തരമുള്ള ഭീകരസംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നതുപോലെ. ഇൗ ദശാസന്ധിയിൽ പത്രധർമത്തിെൻറ മൂല്യം മുറുകെപിടിക്കുന്ന പത്രപ്രവർത്തകരുടെ ബാധ്യത എത്രയും മഹത്തരമാണ്’’ -1987 മേയ് 31ന് വൈകീട്ട് കോഴിക്കോട് വെള്ളിമാട്കുന്നിൽ മാധ്യമം ദിനപത്രത്തിെൻറ പ്രഥമ ലക്കം പ്രകാശനം ചെയ്തുകൊണ്ട് സ്വതന്ത്ര ഇന്ത്യയിലെ എക്കാലത്തെയും തലയെടുപ്പുള്ള പത്രപ്രവർത്തകരിൽ മുൻനിരക്കാരനായ കുൽദീപ് നയാർ നൽകിയ സന്ദേശമാണിത്. അദ്ദേഹം ചൂണ്ടിക്കാട്ടിയ സ്ഥിതി പതിന്മടങ്ങ് കലുഷമായ സാഹചര്യത്തിലാണ് മതനിരപേക്ഷ ജനാധിപത്യത്തിെൻറ അതിജീവനത്തിനുവേണ്ടി ഏഴു പതിറ്റാണ്ടുകാലം പടവെട്ടിയ കുൽദീപ് നയാർ ലോകത്തോട് വിടവാങ്ങിയിരിക്കുന്നത്.
അവിഭക്ത ഇന്ത്യൻ പഞ്ചാബിലെ സിയാൽകോട്ടിൽ 1923 ആഗസ്റ്റ് 14ന് ജനിച്ച കുൽദീപ് നയാർ പത്രപ്രവർത്തകനായി ജീവിതം ആരംഭിക്കുന്നത് ‘അൻജാം’ ഉർദു പത്രത്തിലൂടെയാണ്. വിഭജനകാലത്ത് അദ്ദേഹം ഇന്ത്യയിലേക്ക് കുടിയേറി. തെൻറ പത്രപ്രവർത്തനജീവിതത്തിലെ ഏറ്റവും പ്രമാദമായ ആദ്യാനുഭവമായി അദ്ദേഹം രേഖപ്പെടുത്തിയത് 1948 ജനുവരി 30ന് മഹാത്മാ ഗാന്ധിയെ ഡൽഹിയിലെ ബിർള മന്ദിരത്തിൽ നാഥുറാം വിനായക് ഗോദ്സെയും കൂട്ടുകാരും വെടിവെച്ചുകൊന്നപ്പോൾ ആദ്യമായി അവിടെ ഒാടിയെത്തിയ പത്രലേഖകൻ എന്ന നിലയിലാണ്.
10 ലക്ഷത്തോളം മനുഷ്യജീവികൾ മതഭ്രാന്തിെൻറയും സാമുദായിക വിദ്വേഷത്തിെൻറയും ബലിയാടുകളായി പ്രാണൻ വെടിയേണ്ടിവന്ന ദുരന്തത്തിെൻറ ഒാർമകൾ നയാരെ വേട്ടയാടിക്കൊണ്ടിരിക്കെയായിരുന്നു രാഷ്ട്രപിതാവിെൻറ നിഷ്ഠുരമായ വധം. അതിൽപിന്നെ അനുഗൃഹീതനായ ആ പത്രപ്രവർത്തകൻ തെൻറ ശിഷ്ടായുസ്സ് മുഴുവൻ മതനിരപേക്ഷ ജനാധിപത്യത്തിെൻറ പ്രതിരോധത്തിനും വർഗീയതയുടെ ഉന്മൂലനത്തിനുമായി ഉഴിഞ്ഞുവെച്ചു.
ഉർദുവായിരുന്നു കുൽദീപിെൻറ ഇഷ്ടഭാഷയെങ്കിലും ഇംഗ്ലീഷ് പത്രലോകത്താണ് ജീവിതത്തിെൻറ സിംഹഭാഗവും ചെലവിട്ടത്. അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ എഴുതിയ ‘ദ ജഡ്ജ്മെൻറ്’ ഉൾപ്പെടെ ശ്രദ്ധേയമായ ഒേട്ടറെ കൃതികളുടെ കർത്താവുകൂടിയാണ് ജവഹർലാൽ നെഹ്റു മുതൽ സ്വതന്ത്ര ഇന്ത്യയിലെ ഏകദേശം മുഴുവൻ പ്രധാനമന്ത്രിമാരുമായും ബന്ധം സ്ഥാപിച്ച കുൽദീപ് നയാർ.
‘വരികൾക്കിടയിൽ’ എന്ന പ്രസിദ്ധ കോളത്തിന് എൺപതോളം സ്വദേശ-വിദേശ പത്രങ്ങൾ വരിക്കാരായിരുന്നു. മാധ്യമം ആരംഭം മുതൽ മൂന്നു പതിറ്റാണ്ടു കാലം മലയാളി വായനക്കാർക്ക് നയാരുടെ വിചാരങ്ങൾ പങ്കുവെക്കാൻ അവസരമൊരുക്കി.
മാധ്യമത്തെക്കുറിച്ച് തെൻറ പത്രം എന്നാണദ്ദേഹം പരിചയപ്പെടുത്താറ്. എെൻറ കൈപുണ്യമാണ് മാധ്യമത്തിെൻറ വിജയം എന്നദ്ദേഹം ഇടക്കിടെ ഒാർമിപ്പിക്കുമായിരുന്നു. നാനാജാതി മതസ്ഥരും മതമില്ലാത്തവരും അർപ്പണത്തോടെ ജോലിചെയ്യുന്ന മാധ്യമം െഡസ്കുകളും ബ്യൂറോകളും മതനിരപേക്ഷതയുടെ ഉദാത്ത മാതൃകയായി നയാർ ചൂണ്ടിക്കാട്ടാറുണ്ട്. ‘മാധ്യമ’ത്തിന് ഒരു ഹിന്ദി പതിപ്പ് തുടങ്ങേണ്ടതിെൻറ അനുപേക്ഷ്യത എന്നെ കാണുേമ്പാഴൊക്കെ അദ്ദേഹം ഒാർമിപ്പിക്കുമായിരുന്നു. അത്തരമൊരു മാധ്യമം ഇന്ത്യയിലെ ഭൂരിപക്ഷത്തിെൻറ ഭാഷയായ ഹിന്ദിയിൽ ഇല്ലെന്നത് മതന്യൂനപക്ഷങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും ശബ്ദം ശ്രദ്ധിക്കപ്പെടാതെ പോവുന്നതിലുള്ള ദുഃഖമായിരുന്നു അദ്ദേഹത്തിന്. ഫാഷിസത്തിെൻറ ദംഷ്ട്രകൾ ഇന്ത്യൻ ജനതയുടെ കഴുത്തിനുനേരെ നീളുന്ന ഇൗ വിപൽസന്ധിയിൽ കുൽദീപ് നയാരെപ്പോലുള്ള ധീരനായ മാധ്യമപ്രവർത്തകെൻറ വിടവ് നികത്തപ്പെടാതെ പോവുന്നതിൽ സങ്കടപ്പെടുകയേ നിവൃത്തിയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.