മദ്റസ: അസം മുഖ്യമന്ത്രി വിഷം തുപ്പുന്നു, ബി.ജെ.പി നിലപാട് വ്യക്തമാക്കണം -ഡോ. സയ്യിദ് തുഫൈൽ ഹസൻ എം.പി

ന്യൂഡൽഹി: 1000 വർഷമായി ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്ത് സംഭാവനകൾ അർപ്പിക്കുന്ന മദ്റസകൾക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വിഷം തുപ്പുകയാണെന്ന് സമാജ് വാദി പാർട്ടി നേതാവും എം.പിയുമായ ഡോ. സയ്യിദ് തുഫൈൽ ഹസൻ. തന്റെ സർക്കാർ അസമിലെ 600 മദ്റസകൾ പൂട്ടിയെന്നും ബാക്കിയുള്ളവ ഉടൻ തന്നെ അടച്ചുപൂട്ടുമെന്നും ശർമ പറഞ്ഞിരുന്നു. ഇതിന് പ്രതികരണവുമായാണ് സയ്യിദ് തുഫൈൽ ഹസൻ രംഗത്തെത്തിയത്.

‘മദ്റസകളിൽ ഇസ്‍ലാമിക വിദ്യാഭ്യാസം മാത്രമല്ല ആധുനിക വിദ്യാഭ്യാസവും നൽകുന്നുണ്ട്. ഒരു വശത്ത്, അസം മുഖ്യമന്ത്രി വിഷം തുപ്പുന്നു. മറുവശത്ത്, മുസ്‍ലിംകളുടെ ഒരു കൈയിൽ ഖുർആനും മറുവശത്ത് കമ്പ്യൂട്ടറും വേണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നത് പ്രധാനമന്ത്രി പറയുന്നു. ആദ്യം, അവരുടെ പാർട്ടി നിലപാട് എന്താണെന്ന് അവർ (ബി.ജെ.പി) തീരുമാനിക്കണം’ - സയ്യിദ് തുഫൈൽ ഹസൻ പറഞ്ഞു.

കർണാടകയിലെ ബെലഗാവിയിൽ പൊതുപരിപാടിയിൽ സംസാരിക്കവെയാണ് സംസ്ഥാനത്തെ മ​ദ്റസകളെല്ലാം ഉടൻ അടച്ചുപൂട്ടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞത്. ‘നമുക്ക് മ​ദ്രസകൾ അല്ല ആവശ്യം. എൻജിനീയർമാരെയും ഡോക്ടർമാരെയുമാണ്. മദ്റസകൾക്കു പകരം കൂടുതൽ സ്കൂളുകളും കോളജുകളും യൂനിവേഴ്സിറ്റികളുമാണ് വേണ്ടത്. ആധുനിക ഇന്ത്യക്ക് മദ്റസകൾ വേണ്ട. രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ 3000 മദ്റസകൾ അസമിൽ പ്രവർത്തിക്കുന്നുണ്ട്’ -എന്നായിരുന്നു ഹിമന്ത പറഞ്ഞത്.

കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി ദേശീയ നേതാക്കളുടെ പര്യടനത്തിന്റെ ഭാഗമായാണ് ഹിമന്ത ബിശ്വ ശർമ എത്തിയത്.

Tags:    
News Summary - Madrasa: Assam CM himanta biswa sarma is spitting poison -ST Hassan, SP MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.