മുംബൈ: മഹാരാഷ്ട്ര നിയമസഭ സ്പീക്കർ പദവിയിൽ നിന്ന് കോൺഗ്രസ് നേതാവ് നാന പടോലെ രാജിവെച്ചതിൽ സഖ്യകക്ഷികളായ ശിവസേനക്കും എൻ.സി.പിക്കും അതൃപതി. ശിവസേന, എൻ.സി.പി, കോൺഗ്രസ് കൂട്ടുകെട്ടിലെ മഹാ വികാസ് അഗാഡി സർകാർ നല്ല നിലയിൽ ഭരണം തുടരുന്നതിനിടയിൽ അനാവശ്യ സാഹചര്യങ്ങൾക്ക് രാജി വഴിവെച്ചുവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ആരോപിച്ചു. പടോലെയുടെ രാജിക്ക് മുമ്പ് വിഷയം ശിവസേനയും കോൺഗ്രസുമായി ചർച്ച ചെയ്തിരുന്നില്ല.
പുതിയ സ്പീകർ തെരഞ്ഞെടുപ്പിന് വിലപേശലുകളുണ്ടാകുമെന്നതാണ് സഖ്യത്തെ അലട്ടുന്നത്. കോൺഗ്രസ് ക്യാമ്പ് പരോക്ഷമായി ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, സഖ്യം രൂപവത്കരിച്ചപ്പോൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, ശിവസേന അധ്യക്ഷനും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ എന്നിവർ അന്തിമമായി അംഗീകരിച്ച സൂത്ര വാക്യത്തിൽ മാറ്റമുണ്ടാകില്ലെന്ന് എൻ.സി.പിയും ശിവസേനയും വ്യക്തമാക്കി. മുഖ്യമന്ത്രി പദമുൾപടെ 16 വകുപ്പുകൾ ശിവസേനക്ക്, ഉപമുഖ്യമന്ത്രിയടക്കം 15 വകുപ്പുകളും നിയമസഭ ഉപാധ്യക്ഷ പദവിയും എൻ.സി.പിക്ക്, 12 വകുപ്പുകളും സ്പീക്കർ പദവിയും കോൺഗ്രസിന് എന്നതാണ് ധാരണ.
മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിന്‍റെ മുന്നോടിയായാണ് നാന പടോലെ സ്പീക്കർ പദവി രാജിവെച്ചത്. നിലവിൽ റവന്യൂമന്ത്രിയായ ബാലാസാഹെബ് തോറാട്ടാണ് പാർട്ടി മഹാരാഷ്ട്ര അധ്യക്ഷൻ. കോൺഗ്രസ് നിയമസഭ കക്ഷി നേതാവും അദ്ദേഹമാണ്.
കർഷക പ്രക്ഷോഭം നടക്കുന്നതിനിടെ കർഷക നേതാവായ നാനാ പടോലെയെ പാർട്ടി അമരത്ത് കൊണ്ടുവരുന്നത് ഗുണം ചെയ്യുമെന്നാണ് നിരീക്ഷണം. കോൺഗ്രസിന്‍റെ പരമ്പരാഗത വോട്ട് ബാങ്കായ ഒ.ബി.സി വിഭാഗത്തിലെ കുൻബി സമൂദായക്കാരനുമാണ് പടോലെ. അധ്യക്ഷ പദവിക്കൊപ്പം പടോലെയെ മന്ത്രിയുമാക്കണമെന്ന അദ്ദേഹത്തിന്‍റെ അനുയായികളുടെ ആവശ്യം ഹൈക്കമാൻഡ് അംഗീകരിച്ചിട്ടില്ല.
പടോലെക്ക് പകരം സ്പീകറാകാൻ കോൺഗ്രസിൽ നിരവധി നേതാക്കൾ ശ്രമം നടത്തുന്നുണ്ട്. മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍റെ പേര് നേരത്തെ ഉയർന്നിരുന്നു. എന്നാൽ, ഹൈക്കമാൻഡിനെതിരെ നിലപാടെടുത്ത നേതാക്കളിൽ ചവാനുമുണ്ട്. അതിനാൽ, ചവാനെ സ്പീക്കറാക്കുമെന്ന് നേതാക്കൾ കരുതുന്നില്ല. പുണെ, ഭോർ മണ്ഡലത്തിൽ നിന്നുളള എം.എൽ.എ സൻഗ്രാം തോപ്തെ, മുംബൈയിലെ മുമ്പാദേവി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ അമിൻ പട്ടേൽ എന്നിവരുടെ പേരുകളും ഉയർന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.