മഹാരാഷ്ട്രയിൽ മൂന്നുനില കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയം

മുംബൈ: മുംബൈയിൽ മൂന്നുനില കെട്ടിടം തകർന്നു വീണ് അപകടം. നവി മുംബൈയിലെ ഷഹബാസ് വില്ലേജിലാണ് അപകടമുണ്ടായത്. നിരവധി പേർ കെട്ടിടാവശിഷ്‍ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയം. ശനിയാഴ്ച രാവിലെയാണ് കെട്ടിടം തകർന്ന് വീണത്. സംസ്ഥാന പൊലീസും ഫയർഫോഴ്സും എൻ.ഡി.ആർ.എഫും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഷഹബാസ് ഗ്രാമത്തിലെ ബെലാപൂർ വാർഡിലെ മൂന്ന് നില കെട്ടിടമാണ് തകർന്നതെന്ന് നവി മുംബെ മുൻസിപ്പൽ കോർപ്പറേഷൻ കമീഷണർ കൈലാസ് ഷിൻഡെ പറഞ്ഞു. 13 ഫ്ലാറ്റുകളുള്ള കെട്ടിടമാണ് തകർന്നത്. രണ്ട് പേരെ അപകട സ്ഥലത്ത് നിന്ന് രക്ഷിച്ചു. കൂടുതൽപേർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മുംബൈയിൽ കനത്തമഴയെത്തുടർന്ന് വിമാനസർവീസുകൾ തടസ്സപ്പെട്ടിരുന്നു. ന​ഗരത്തിലെ പ്രധാനപ്പെട്ട പ്രദേശങ്ങളിലെല്ലാം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. സയൺ, അന്ധേരി, ചെമ്പൂർ എന്നീ പ്രദേശങ്ങളിലെല്ലാം വെള്ളംകയറുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിൽ മഴക്കെടുതികളിൽ കഴിഞ്ഞ ദിവസം മാത്രം നാല് പേർ മരിച്ചിരുന്നു.

മഴക്കെടുതിയെ തുടർന്ന് എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് ഏജൻസികൾക്ക് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു. സർക്കാർ സൈന്യവുമായി സംസാരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ സഹായം തേടും. ജനങ്ങളെ എയർലിഫ്റ്റ് ചെയ്യാനുള്ള നിർദേശവും നൽകിയിട്ടുണ്ട്. സ്ഥിതി​ഗതികൾ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. അത്യാവശ്യമില്ലെങ്കിൽ ജനങ്ങൾ വീട്ടിൽ തന്നെ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Maharashtra: 3-storey building collapses in Navi Mumbai's Shahbaz village, many feared trapped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.