മുംബൈ: കോൺഗ്രസ്-എൻ.സി.പി സഖ്യവുമായി ശിവസേന കൈകോർത്തതോടെ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനയുമായി (എം.എൻ. എസ്) സഖ്യത്തിന് ബി.ജെ.പി കരുനീക്കുന്നതായി അഭ്യൂഹം. ദിവസങ്ങൾക്കു മുമ്പ് ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദ േവേന്ദ്ര ഫഡ്നാവിസും രാജ് താക്കറെയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതാണ് അഭ്യൂഹത്തിന് കാരണം.
സഖ്യ ചർച്ച നടന്നി ട്ടില്ലെന്ന് പറഞ്ഞ ഫഡ്നാവിസ്, തങ്ങളുടെ നയങ്ങൾ സ്വീകരിക്കുകയാണെങ്കിൽ എം.എൻ.എസുമായി ഭാവിയിൽ സഖ്യമാകുന്നത് ആലോച ിക്കുമെന്ന് പറഞ്ഞതോടെ സംശയം ബലപ്പെട്ടിരിക്കുകയാണ്. ശിവസേന സ്ഥാപകനും പിതൃസഹോദരനുമായ ബാൽ താക്കറെയുടെ ജന്മദിന മായ ജനുവരി 23ന് രാജ് നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.
ശിവസേന സഖ്യം വിടുകയും കോൺഗ്രസ്-എൻ.സി.പി ഭരണസഖ്യം തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മികവ് തുടരുകയും ചെയ്തതോടെ ബി.ജെ.പിക്ക് മറ്റ് പ്രാദേശിക പാർട്ടികളുടെ സഹായം അനിവാര്യമായിരിക്കുകയാണ്. തെരഞ്ഞെടുപ്പുകളിൽ വോട്ട് ശതമാനത്തിൽ പിന്നോട്ടു പതിക്കുന്ന എം.എൻ.എസിനും സഖ്യം അനിവാര്യമാണ്.
ബി.ജെ.പിയുമായി സഖ്യമാകണമെങ്കിൽ എം.എൻ.എസിന് ഉത്തരേന്ത്യൻ വിരോധം ഉപേക്ഷിച്ച് ഹിന്ദുത്വ വാദത്തിലേക്ക് മാറേണ്ടി വരും. പൗരത്വ ബില്ലിൽ രാജ് താക്കറെ 23ന് നിലപാട് വ്യക്തമാക്കാനിരിക്കുകയാണ്. 2006ൽ ശിവസേന വിട്ട് എം.എൻ.എസ് രൂപവത്കരിച്ചതോടെ രാജ് ഹിന്ദുത്വവാദം ഉപേക്ഷിച്ചിരുന്നു.
അതേസമയം, ബി.ജെ.പിയുമായി കൈകോർക്കുന്നതിൽ എം.എൻ.എസിൽ ഭിന്നാഭിപ്രായമുള്ളതായാണ് സൂചന. 2014ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ശിവസേനയെ ഒഴിവാക്കി സഖ്യമാകാമെന്ന് എം.എൻ.എസും ബി.ജെ.പിയും തമ്മിൽ ധാരണയായിരുന്നു. എന്നാൽ ആ വർഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണഞ്ചിക്കുന്ന വിജയം നേടിയ ബി.ജെ.പി നിയമസഭ തെരഞ്ഞെടുപ്പിൽ എം.എൻ.എസിനെയും തഴയുകയായിരുന്നു. ഇതോടെ രാജ് കടുത്ത മോദി വിമർശകനായി മാറി.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ചില്ലെങ്കിലും കോൺഗ്രസ്-എൻ.സി.പി സഖ്യത്തെ സഹായിക്കാൻ രാജ് റാലികൾ നടത്തി. പകരം നിയമസഭ തെരഞ്ഞെടുപ്പിൽ 25ഓളം സീറ്റുകൾ എം.എൻ.എസിന് നൽകാനായിരുന്നു കോൺഗ്രസ്-എൻ.സി.പി ധാരണ. എന്നാൽ, കോഹിനൂർ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തതോടെ രാജ് പിന്നീട് പിന്മാറുകയായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസും എൻ.സി.പിയും ശിവസേനയുമായി സഖ്യത്തിലായതോടെ എം.എൻ.എസിന്‍റെ സാധുതകൾ മങ്ങി. ഇത് മുതലെടുത്ത് ഇവരെ കൂടെ നിർത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പുകളിൽ മുംബൈ, പുനെ, നാസിക് തുടങ്ങിയ നഗരങ്ങളിൽ പിടിച്ചുനിൽക്കാൻ, ശിവസേനയില്ലെങ്കിൽ എം.എൻ.എസിനെ ബി.ജെ.പിക്ക് ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.