മുംബൈ: കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടുതേടി മുംബൈയിലെത്തിയ ശശി തരൂരിനെ സ്വീകരിക്കാൻ പ്രമുഖ നേതാക്കൾ എത്തിയില്ല. ദിവസങ്ങൾക്ക് മുമ്പ് എതിർ സ്ഥാനാർഥി മല്ലികാർജുൻ ഖാർഗെ എത്തിയപ്പോൾ മുൻ മുഖ്യമന്ത്രിമാരടക്കമുള്ളവരാണ് സ്വീകരിക്കാനെത്തിയത്.
മുതിർന്ന നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ സുശീൽകുമാർ ഷിൻഡെയെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്നു കണ്ട ശേഷമാണ് തരൂർ ദാദറിലെ പാർട്ടി ആസ്ഥാനത്തെത്തിയത്. മുൻ എം.പി പ്രിയാദത്തും രാജ്യസഭാ എം.പി. ബാലചന്ദ്ര മുങ്കേക്കറും മാത്രമാണ് തരൂരിനെ കാണാനെത്തിയ പ്രമുഖർ. പാർട്ടി ആസ്ഥാനത്തെ രണ്ടാം നിലയിലൊരുക്കിയ വേദിയിൽ കയറാതെ സദസ്സിലുള്ള ഏതാനും പേരോട് സംസാരിച്ച ശേഷമായിരുന്നു മടക്കം. തരൂർ കണ്ടവരിൽ വോട്ടവകാശമുള്ളവർ വിരളം.
എല്ലായിടത്തും ഇതേ അനുഭവമായിരിക്കും കാത്തിരിക്കുന്നതെന്നും തന്നെ പിന്തുണച്ചാൽ പാർട്ടിയിൽ തങ്ങളുടെ ഭാവി എന്താകുമെന്ന് പലരും ഭയക്കുന്നതായും തരൂർ സൂചിപ്പിച്ചു. ഇതിനിടയിൽ, വോട്ടർ പട്ടികയിൽ 3000ത്തിലേറെ പേരുടെ മേൽവിലാസമുൾപ്പെടെ വിവരങ്ങൾ പൂർണമല്ലാത്തത് വോട്ടുതേടലിനെ പ്രതികൂലമായി ബാധിക്കുന്നതായി തരൂർ േകന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.