മുംബൈ: ആശുപത്രികളിൽ ചികിത്സ നിഷേധിച്ചതോടെ മുനിസിപ്പൽ കോർപറേഷ് മുമ്പിൽ ഓക്സിജൻ മാസ്ക് ധരിച്ച് പ്രതിഷേധിച്ച കോവിഡ് രോഗിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാസികിലാണ് സംഭവം.
38കാരനായ ദാദാസാഹേബ് കോലെയാണ് ബുധനാഴ്ച രാത്രിയോടെ മരിച്ചത്. നാസികിലെ കോർപറേഷൻ ഒാഫിസിന് മുമ്പിൽ ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച മാസ്ക് ധരിച്ച് ധർണ നടത്തുന്ന ബാബാസാഹേബിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
ഒരു മണിക്കൂറോളം പുറത്തിരുന്ന് പ്രതിഷേധിച്ചതോടെ കോർപറേഷന്‍റെ ആംബുലൻസിൽ മുനിസിപ്പൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെവെച്ച് ശരീരത്തിലെ ഓക്സിജൻ താഴുകയും ബാബാസാഹേബ് മരിക്കുകയുമായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ബുധനാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു മരണം.
'രണ്ടു ദിവസം മുമ്പാണ് അദ്ദേഹത്തെ ബൈറ്റ്കോ ആശുപത്രിയിലെത്തിക്കുന്നത്. അവിടെനിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അവിടെനിന്ന് സർക്കാർ മെഡിക്കൽ കോളജിലേക്ക് പറഞ്ഞയച്ചു. എന്നാൽ കിടക്ക ഒഴിവില്ലെന്നായിരുന്നു മറുപടി. തുടർന്ന് നിരവധി ആശുപത്രികൾ കയറിയിറങ്ങിയെങ്കിലും പ്രവേശനം ലഭിച്ചില്ല. ഇതോടെ സിവിൽ ആശുപത്രിയിലെത്തി. അദ്ദേഹത്തിന് ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചു. ഞങ്ങളെ ആരും കേൾക്കാൻ തയാറായില്ല' -ദാദാ സാഹേബിന്‍റെ ഭാര്യ പറഞ്ഞു.
മുനിസിപ്പൽ ആസ്ഥാനം ഉപരോധിക്കാൻ രോഗിയെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് അന്വേഷിക്കുമെന്ന് പൊലീസും കോർപറേഷൻ അധികൃതരും അറിയിച്ചു.
മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതോടെ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു. ബുധനാഴ്ച മാത്രം 40,000 ത്തോളം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.