മുംബൈ: അംഗീകരിക്കപ്പെട്ട ആവശ്യങ്ങളിൽ സർക്കാർ ഉത്തരവ് കാത്ത് മുംബൈയിലേക്കുള്ള പാതിവഴിയിൽ മഹാരാഷ്ട്രയിലെ കർഷകർ.
സവാള കർഷകർക്ക് അടിയന്തര ധനസഹായം, കടം എഴുതിത്തള്ളൽ, പരമ്പരാഗതമായി കൃഷിചെയ്തുവരുന്ന ഭൂമിയിൽ ആദിവാസികൾക്ക് അവകാശം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തിങ്കളാഴ്ചയാണ് കർഷകർ നാസിക്കിൽനിന്ന് മുംബൈയിലേക്ക് കാൽനട ജാഥ തുടങ്ങിയത്. 100ലേറെ കിലോമീറ്ററുകൾ താണ്ടി ബുധനാഴ്ച രാത്രി കാൽനട ജാഥ താണെയിലെ വാസിന്തിൽ എത്തി.
വ്യാഴാഴ്ച കർഷക നേതാക്കളുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ആവശ്യങ്ങൾ അംഗീകരിച്ചു. വെള്ളിയാഴ്ച സഭയിൽ ഏക്നാഥ് ഷിൻഡെ കർഷക ആവശ്യങ്ങൾ അംഗീകരിച്ചതായി പ്രഖ്യാപിച്ചു. എന്നാൽ, അതതു വകുപ്പുകൾ ഉത്തരവിറക്കിയാൽ മാത്രമെ കാൽനട ജാഥ പിൻവലിക്കുകയുള്ളു എന്ന നിലപാടിലാണ് കർഷകർ. കർഷകർ വാസിന്തിലെ ഈദ്ഗാഹ് മൈതാനിയിൽ തമ്പടിച്ചിരിക്കുകയാണ്.
സവാള ക്വിന്റലിന് 600 രൂപ അടിയന്തര സഹായമാണ് കർഷകരുടെ ആവശ്യങ്ങളിൽ ഒന്ന്. എന്നാൽ, ക്വിന്റലിന് 350 രൂപ എന്ന സർക്കാർ ഉറപ്പ് കർഷകർ അംഗീകരിച്ചു. ആദിവാസികൾക്ക് ഭൂമിയുടെ അവകാശം നൽകുന്ന വനാവകാശ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പഠനത്തിന് കർഷക നേതാക്കളും സർക്കാർ പ്രതിനിധികളും ഉൾപ്പെട്ട സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.