സവർക്കറല്ലെന്ന് വീമ്പുപറഞ്ഞ രാഹുൽ ഒരുപാട് മാപ്പ് പറയേണ്ടി വരും -ഫഡ്നാവിസ്

മുംബൈ: മാപ്പ് പറയാൻ താൻ സവർക്കറല്ലെന്ന് വീമ്പ് പറഞ്ഞ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇനിയും ഒരുപാട് മാപ്പ് പറയേണ്ടി വരുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ‘സ്വതന്ത്ര്യവീര്‍ സവര്‍ക്കര്‍ ഗൗരവ് യാത്ര’യുടെ ഭാഗമായി പൂണെയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രയില്‍ ബിജെപി പ്രവര്‍ത്തകരും ഏക്നാഥ് ഷിന്‍ഡേ വിഭാഗത്തോടൊപ്പം പങ്കെടുക്കുന്നുണ്ട്.

'സവർക്കറെ നിന്ദിക്കുന്നവരോടാണ്, രാജ്യത്തിനും തലമുറകൾക്കും സ്വാതന്ത്ര്യം ലഭിക്കാനാണ് അദ്ദേഹം ത്യാഗം ചെയ്തത്. മറാഠാ മണ്ണിന്റെ അഭിമാനമാണ് ആ പേര്. അപമാനിക്കാനായി ആ പേര് ഉച്ചരിക്കരുത്. വിനായക ദാമോദര സവർക്കർ വെറും വീരനല്ല സ്വാതന്ത്ര്യവീരനായിരുന്നു. അദ്ദേഹം നിങ്ങളെയോ നിങ്ങളുടെ പൂർവികരെയോ പോലെ വായിൽ സ്വർണക്കരണ്ടിയുമായല്ല പിറന്നത്. സവർക്കർ ധീരനാണെന്നതിന് ലോകത്തിലെ ഏറ്റവും ഭീരുവായ രാഹുലിനെപ്പോലെ ഒരാളുടെ പ്രമാണ പത്രം ആവശ്യമില്ല. വീരസവർക്കറിനെ അപമാനിക്കുന്നതിന് മുഴുവൻ ഭാരതീയരോടും അദ്ദേഹം മാപ്പ് പറയേണ്ടിവരും. സവർക്കർ കോൺഗ്രസിന് താങ്ങാനാവുന്ന നേതാവല്ല. തൊട്ടുകൂടായ്മയ്ക്കെതിരെ ജീവിതം സമരമാക്കിയ പോരാളിയാണ്. അദ്ദേഹമാണ് രത്നഗിരിയിൽ അവർക്ക് ആരാധിക്കാനും കോവിലിൽ കടന്ന് പൂജിക്കാനും അവകാശം നല്കിയ ക്ഷേത്രം സ്ഥാപിച്ചത്. രാഹുലിന് സവർക്കറാകാൻ സാധിക്കില്ല. ഗാന്ധിയാകാനും കഴിയില്ല. ഇവരൊക്കെ ആകണമെങ്കിൽ മിനിമം ഈ രാജ്യത്തെക്കുറിച്ചും ഈ നാടിന്റെ ചരിത്രക്കുറിച്ചും അറിയണം’ -ഫഡ്നാവിസ് പറഞ്ഞു.

"സവർക്കറെ നിരന്തരം അപമാനിക്കുന്ന ആളുകള്‍ക്കുള്ള തിരിച്ചടിയെന്നോണമാണ് ഈ യാത്ര. ഇത്തരക്കാരുടെ പ്രസ്താവനയെ ഞങ്ങള്‍ തള്ളിക്കളയുന്നു. സവ‍ര്‍ക്കറുടെ ആദര്‍ശം എല്ലാവീടുകളിലും എത്തിക്കുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യം" - താനെയില്‍ നടന്ന പരിപാടിയിൽ ഏക്നാഥ് ഷിന്‍ഡേ പറഞ്ഞു.

Tags:    
News Summary - Maharashtra: Fadnavis Slams Rahul, Congress Over Remarks On Savarkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.