മുംബൈ: സ്വകാര്യ ആശുപത്രികളുമായി കൈകോർത്ത് വാക്സിനേഷൻ യജ്ഞത്തിന് വേഗത വർധിപ്പിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. സൂക്ഷിച്ച് വെക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കേ ഇനിയും കുത്തിവെപ്പെടുക്കാത്തവർക്ക് വാക്സിൻ നൽകാൻ സന്നദ്ധരാണെന്നറിയിച്ച് സ്വകാര്യ ആശുപത്രികൾ സർക്കാറിനെ സമീപിക്കുകയാണ്.
കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സി.എസ്.ആർ) ഫണ്ട് ഉപയോഗിച്ച് നിരവധി ആശുപത്രികൾ മുനിസിപാലിറ്റികളും ജില്ല പഞ്ചായത്തുകളുമായി സഹകരിച്ച് വാക്സിനേഷൻ യജ്ഞങ്ങൾ നടത്തുന്നതായി സംസ്ഥാന സർക്കാർ അറിയിച്ചു. സാമൂഹിക മൂലധനങ്ങൾ ഉയോഗിച്ച് പ്രവർത്തിക്കുന്ന കമ്പനികൾ തങ്ങളുടെ ലാഭത്തിന്‍റെ ഒരു വിഹിതം സമൂഹത്തിന്‍റെ നന്മക്കായി നീക്കിവെക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. സാമൂഹിക നന്മക്കായി കോർപ്പറേറ്റുകൾ ഇത്തരത്തിൽ നിർബന്ധമായും പണം നീക്കിവെക്കണമെന്നാണ് നിയമം. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതലാളുകളെ വാക്സിനേഷന് വിധേയമാക്കാനാണ് ലക്ഷ്യമിടുന്നത്.
പണം നൽകി ആളുകൾ കുത്തിവെപ്പെടുക്കുന്നത് കുറയുകയും ചെയ്തതോടെയാണ് സ്വകാര്യ ആശുപത്രികൾ ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നത്. 'സർക്കാർ രണ്ടാം ഡോസ് നൽകുന്നതിലാണ് ഇപ്പോൾ ശ്രദ്ധ പതിപ്പിക്കുന്നത്. അതുകൊണ്ട് സ്വകാര്യ ആശുപത്രികൾ, സി.എസ്.ആർ ട്രസ്റ്റുകൾ, എൻ.ജി.ഒകൾ എന്നിവയോട് സർക്കാർ ഇതിനായി അഭ്യർഥന നടത്തിയിരിക്കുകയാണ്' -മന്ത്രി ആദിത്യ താക്കറെ പറഞ്ഞു.
റിലയൻസ് ആശുപത്രി-ഒന്നര ലക്ഷം ഡോസ്, ജസ്ലോക് ആശുപത്രി-അരലക്ഷം ഡോസ്, നാനാവതി ആശുപത്രി എന്നിവർ വാക്സിൻ നൽകി സർക്കാറിനെ സഹായിച്ചതായി മന്ത്രി അറിയിച്ചു. സർക്കാർ ആശുപത്രികൾക്ക് പിന്നാലെ സ്വകാര്യ ആശുപത്രികളിലും സൗജന്യ കോവിഡ് വാക്സിനേഷൻ പദ്ധതിക്ക് തമിഴ്നാട് തുടക്കം കുറിച്ചിരുന്നു. 137 സ്വകാര്യ ആശുപത്രികളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.