മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനംരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾ കോവിഡിനെ പിടിച്ചുകെട്ടാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുകയും പൊലീസിനെ ഉപയോഗിച്ച് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുകയുമൊക്കെ അതിനായി കൈക്കൊള്ളുന്ന മാർഗങ്ങളാണ്. എന്നാൽ കോവിഡിനെ തുരത്തൽ ഒരു മത്സരമായി നടത്തിയാലോ..!!
മഹാരാഷ്ട്ര സർക്കാറാണ് ഇപ്പോൾ ഇങ്ങനൊരു മത്സരം നടത്തുന്നത്. ബുധനാഴ്ചയാണ് സർക്കാർ 'കൊറോണ രഹിത ഗ്രാമം' മത്സരം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ആറ് റവന്യൂ ഡിവിഷനുകളിൽ ഓരോന്നിൽ നിന്നുംമൂന്ന് ഗ്രാമങ്ങളെ വീതം വിജയികളായി തെരഞ്ഞെടുക്കും. ഇത്തരത്തിൽ ഓരോ ഡിവിഷനുകളിലും ഒന്നാം സ്ഥാനത്തെത്തുന്ന ഗ്രാമത്തിന് 50 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സ്ഥാനത്തിന് 25 ലക്ഷം രൂപയും മൂന്നാമതെത്തുന്ന ഗ്രാമത്തിന് 15 ലക്ഷം രൂപയും ലഭിക്കും. ഇത്തരത്തിൽ ആകെ 18 സമ്മാനങ്ങൾക്കായി 5.4 കോടി രൂപയാണ് വിതരണം ചെയ്യുക.
കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മഹാരാഷ്ട്ര ഗ്രാമങ്ങളിലെ പ്രാദേശിക ഭരണകൂടത്തെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇങ്ങനൊരു മത്സരം സംഘടിപ്പിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അടുത്തിടെ പ്രഖ്യാപിച്ച 'എെൻറ ഗ്രാമം കൊറോണ മുക്തം' സംരംഭത്തിെൻറ ഭാഗമായാണ് ഇത്തരമൊരു മത്സരമെന്ന് മഹാരാഷ്ട്ര ഗ്രാമവികസന മന്ത്രി ഹസൻ മുഷ്‌റിഫ് വ്യക്തമാക്കി.
താലൂക്കുകളും ജില്ലകളും ആത്യന്തികമായി മഹാരാഷ്ട്ര സംസ്ഥാനം മുഴുവൻ എത്രയും പെട്ടെന്ന് കൊറോണ വിമുക്തമാക്കുക എന്നതാണ് ലക്ഷ്യം, "-അദ്ദേഹം പറഞ്ഞു. മത്സരത്തിെൻറ ഭാഗമായി രൂപം നൽകിയ കമ്മിറ്റി പങ്കെടുക്കുന്ന ഗ്രാമങ്ങളെ 22 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തും. വിജയിക്കുന്ന ഗ്രാമങ്ങൾക്ക് സമ്മാന തുകക്ക് തുല്യമായ അധിക തുക പ്രോത്സാഹനമായി ലഭിക്കുമെന്നും ഇത് ആ ഗ്രാമങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ ചൊവ്വാഴ്ച 24 മണിക്കൂറിനുള്ളിൽ 14,123 കോവിഡ് കേസുകളും 477 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഇവിടെ ഇതുവരെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 57,61,015 ആയി. 96,198 പേരാണ് ഇതുവരെ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.