മഹാരാഷ്ട്രയിലെ 950 കോവിഡ് മരണങ്ങൾ സർക്കാർ മറച്ചുവെച്ചതായി ഫഡ്നാവിസ് 

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും വർധിക്കുന്നതിനിടെ സർക്കാറിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. സംസ്ഥാനത്തെ 950 കോവിഡ് മരണങ്ങൾ സർക്കാർ മറച്ചുവെക്കുകയാണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് അ‍യച്ച കത്തിൽ ഫഡ്നാവിസ് പറയുന്നു. 

ഐ.സി.എം.ആർ മാർഗരേഖ പ്രകാരം കോവിഡ് മരണമായി കണക്കാക്കാവുന്ന മരണങ്ങൾ സംസ്ഥാന സർക്കാറിന്‍റെ സമിതി സാധാരണ മരണമായി മാറ്റുകയാണെന്ന് ഫഡ്നാവിസ് ആരോപിച്ചു. മുംബൈയിൽ ഇത്തരത്തിൽ 451 മരണങ്ങൾ കോവിഡ് മരണമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. 

സംസ്ഥാനത്തെ കോവിഡ് ബാധിച്ചുള്ള മറ്റ് 500 മരണങ്ങളും ഡെത്ത് ഓഡിറ്റ് കമ്മിറ്റി റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത് ഏറെ ഗൗരവകരമാണെന്നും കുറ്റകരമാണെന്നും ഫഡ്നാവിസ് പറയുന്നു. 

ഏതെങ്കിലും സമ്മർദത്തിന് വഴങ്ങിയാണോ മരണങ്ങൾ മറച്ചുവെക്കുന്നതെന്ന് ഫഡ്നാവിസ് ചോദിച്ചു. കോവിഡ് മരണം റിപ്പോർട്ട് ചെയ്യാത്ത ഡെത്ത് ഓഡിറ്റ് കമ്മിറ്റിക്കെതിരെ സർക്കാർ നടപടി വേണമെന്നും ഫഡ്നാവിസ് ആവശ്യപ്പെട്ടു. 

ബ്രിഹൻ മുംബൈ കോർപറേഷനോട് തിങ്കളാഴ്ച കോവിഡ് മരണങ്ങൾ സംബന്ധിച്ച റിപ്പോർട്ട് സർക്കാർ തേടിയിരുന്നു. ഇത് യാഥാർഥ്യം മറച്ചുവെക്കാനുള്ള നടപടി മാത്രമാണെന്നാണ് ഫഡ്നാവിസ് പറയുന്നത്. 

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ 3950 പേരാണ് മരിച്ചത്. 1,07,958 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 50,978 പേർ രോഗമുക്തി നേടി. 

Tags:    
News Summary - Maharashtra govt hiding data about 950 coronavirus deaths in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.