മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര വീണ്ടും അടച്ചിടലിലേക്ക് നീങ്ങുന്നു. ലോക്ഡൗൺ സംബന്ധിച്ച തീരുമാനം ബുധനാഴ്ചക്ക് ശേഷം കൈാകൊള്ളുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞു.
വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ കാര്യങ്ങൾ കൈകൊള്ളുന്നതിനും ലോക്ഡൗൺ സംബന്ധിച്ച തീരുമാനമടുക്കുന്നതിനുമായി സംഘടിപ്പിച്ച കോവിഡ് 19 ടാസ്‌ക് ഫോഴ്‌സിന്‍റെ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് ഓൺലൈൻ യോഗത്തിന് അധ്യക്ഷത വഹിച്ചത്.
'ലോക്ഡൗൺ കാലാവധിയും അത് കാരണമുണ്ടാകുന്ന സാമ്പത്തിക തകർച്ചയും എങ്ങനെ കൈകാര്യം ചെയ്യാമെന്നും യോഗത്തിൽ ചർച്ച ചെയ്തു. സംസ്ഥാനത്തെ നിലവിലെ സാഹചര്യം പരിശോധിക്കുേമ്പാൾ ലോക്ഡൗൺ ആവശ്യമാണെന്നാണ് ടാസ്‌ക് ഫോഴ്‌സിന്‍റെ അഭിപ്രായം' -മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഓക്സിജൻ ജനറേഷൻ പ്ലാന്‍റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നതായി ടോപെ പറഞ്ഞു.
ധനകാര്യ വകുപ്പുമായും മറ്റ് വകുപ്പുകളുമായും മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തുന്നുണ്ട്. ഈ ആഴ്ച തന്നെ നടക്കുന്ന കാബിനറ്റ് യോഗത്തിലും കൂടുതൽ ചർച്ചകൾ നടക്കും.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുന്നതിന്‍റെ അടിസ്ഥാനത്തിൽ ലോക്ഡൗണിലേക്ക് നീങ്ങുകയാണെന്ന് താക്കറെ ശനിയാഴ്ച സൂചന നൽകിയിരുന്നു. കോവിഡ് സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ നിലനിൽക്കുന്നുണ്ട്.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. 24 മണിക്കൂറിനിടെ 63,294 പേർക്ക് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. 349 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.