മുംബൈ: ലോക്ഡൗണിൽ നിലച്ച് പോയ മദ്യ വിൽപന പുനരാരംഭിച്ചപ്പോൾ മഹാരാഷ്ട്ര സർക്കാറിന് ആദ്യ ദിനത്തെ വരുമാനം 11 കോടി. മദ്യ വിൽപന പുനരാരംഭിച്ച തിങ്കളാഴ്ചത്തെ കണക്കാണിത്.
നാല് ലക്ഷത്തോളം ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യമാണ് തിങ്കളാഴ്ച മാത്രം വിറ്റത്. ബാറുകൾ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടില്ല. മദ്യ വിൽപന കടകളിൽ മാത്രം നടന്ന ഇടപാടാണിത്.
മദ്യകടകൾക്ക് മുമ്പിൽ വലിയ നിരയായിരുന്നു എല്ലായിടത്തും. കോൽഹാപൂർ, പൂനെ തുടങ്ങിയിടങ്ങളിൽ തിരക്ക് മൂലം പൊലീസിന് ലാത്തിചാർജ് ചെയ്യേണ്ടി വന്നു. ചില ജില്ലകളിൽ മദ്യ വിൽപനക്ക് കലക്ടർമാർ അനുമതി നൽകിയിട്ടില്ല.
മാർച്ച് 25 ന് തുടങ്ങിയ ലോക്ഡൗണിൽ പ്രവർത്തനം നിർത്തിയ മദ്യ വിൽപന കടകൾ തിങ്കളാഴ്ച മുതൽ തുറക്കാൻ സംസ്ഥാന സർക്കാറാണ് തീരുമാനിച്ചത്. എന്നാൽ, എല്ലാ കടകൾക്കു മുമ്പിലും വലിയ നിര തന്നെ രൂപപ്പെട്ടതോടെ രോഗവ്യാപന ഭീതിയും ശക്തമായിട്ടുണ്ട്. നിലവിൽ കോവിഡ് കൂടുതൽ ബാധിച്ച ഇന്ത്യൻ സംസ്ഥാനമാണ് മഹാരാഷ്ട്ര.
25,500 കോടി രുപയാണ് മഹാരാഷ്ട്ര സർക്കാറിന് മദ്യത്തിൽ നിന്നുള്ള വാർഷിക വരുമാനം. ശരാശരി ദിവസ വരുമാനം 78 കോടി. ബാറുകളിൽ നിന്നടക്കമുള്ള വരുമാനം ഇതിലുൾപ്പെടും. നിലവിൽ ബാറുകൾ പ്രവർത്തിക്കുന്നില്ല. മാത്രമല്ല, പല ജില്ലകളിലും മദ്യ വിൽപനക്ക് അനുമതി നൽകിയിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.