മുംബൈ: മഹാരാഷ്ട്രയിൽ തിങ്കളാഴ്ച മുതൽ ഘട്ടങ്ങളായി ലോക്ഡൗൺ പിൻവലിക്കുന്നു. ആഴ്ചയിലെ കോവിഡ് രോഗികളുടെ നിരക്കും ആശുപത്രികളിലെ ഒാക്സിജൻ കിടക്കകളുടെ ലഭ്യതയുമനുസരിച്ച് ജില്ലകളെയും നഗരങ്ങളെയും നാലു ഗണങ്ങളിലായി തിരിച്ചാണ് പിൻവലിക്കൽ നടപടി. രോഗികളുടെ നിരക്ക് അഞ്ചു ശതമാനവും ഒാക്സിജൻ കിടക്കകളുടെ ഉപയോഗം 25 ശതമാനത്തിൽ താഴെയുമുള്ള 18 ജില്ലകളിൽ തിങ്കളാഴ്ച ലോക്ഡൗൺ പൂർണമായി പിൻവലിക്കും.
രോഗികളുടെ നിരക്ക് അഞ്ചു ശതമാനവും 40 ശതമാനത്തോളം ഒാക്സിജൻ കിടക്ക ഉപയോഗത്തിലുമുള്ള രണ്ടാം ഗണത്തിൽപെടുന്ന ജില്ലകളിൽ 50 ശതമാനം ആളുകളുമായി ഹോട്ടലുകളും മാളുകളും അടക്കം എല്ലാം തുറന്നുപ്രവർത്തിക്കാം. എന്നാൽ, നിരോധനാജ്ഞ നിലനിൽക്കും. നിർമാണ, വ്യവസായ കേന്ദ്രങ്ങൾക്ക് ഒരു നിയന്ത്രണവുമുണ്ടാകില്ല.
രോഗികളുടെ നിരക്ക് 10 ശതമാനവും ഒാക്സിജൻ കിടക്കകളുടെ ഉപയോഗം 40 ശതമാനവുമുള്ള ജില്ലകൾ മൂന്നാം ഗണത്തിലാണ്. രോഗികളുടെ നിരക്ക് 5.56ഉം ഒാക്സിജൻ കിടക്കകളുടെ ഉപയോഗം 32.51 ശതമാനവുമുള്ള മുംബൈ നഗരം ഇൗ ഗണത്തിലാണ് പെടുന്നത്. മാളുകൾക്കും തിയറ്ററുകൾക്കും അനുമതിയില്ല. എന്നാൽ, മറ്റ് സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. അത്യാവശ്യ ഗണത്തിൽപെടുന്ന സ്ഥാപനങ്ങൾക്ക് ശനിയും ഞായറും പ്രവർത്തിക്കാം. 50 ശതമാനം ജനങ്ങളുമായി പൊതുപരിപാടികളാകാം. റസ്റ്റാറൻറുകൾക്ക് വൈകീട്ട് നാലുവരെ 50 ശതമാനം പേരുമായി തുറന്നുപ്രവർത്തിക്കാം. സബർബൻ ട്രെയിൻ യാത്ര അത്യാവശ്യ വിഭാഗത്തിൽപെട്ടവർക്ക് മാത്രം. എന്നാൽ, മറ്റ് പൊതു ഗതാഗത സംവിധാനങ്ങളിൽ നിയന്ത്രണമില്ല.
ഒാക്സിജൻ കിടക്കകളുടെ ഉപയോഗം 60 ശതമാനമുള്ള ജില്ലകളിൽ ഇളവുകളോടെ നിയന്ത്രണം തുടരും. രോഗനിർണയ നിരക്ക് 20 ശതമാനവും ഒാക്സിജൻ കിടക്കകളുടെ ഉപയോഗം 75 ശതമാനവുമുള്ള ജില്ലകളിൽ പൂർണ ലോക്ഡൗൺ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.