മുംബൈ: മോദിയുടെ ഭരണത്തുടർച്ചക്ക് മഹാരാഷ്ട്രയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നിർണായക ഘടകമാകും.ബിഹാറിലും ഉത്തർപ്രദേശിലും ഇടിവുണ്ടായാൽ കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ അതു നികത്താമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. ശിവസേന,
എൻ.സി.പി പിളർപ്പുകളുടെയും കോൺഗ്രസിലെ പ്രമുഖരുടെ കുറുമാറ്റത്തിന്റെയും പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുക എളുപ്പമല്ല. എങ്കിലും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തിന് കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നാണ് സൂചനകൾ.
ശിവസേനയേയും എൻ.സി.പിയേയും പിളർത്തി എൻ.ഡി.എ സഖ്യത്തിലെത്തിയ ഏക്നാനാഥ് ഷിൻഡെ പക്ഷ ശിവസേനയും അജിത് പവാർ പക്ഷ എൻ.സി.പിയും കടുത്ത വെല്ലുവിളികളാണ് നേരിട്ടത്. പിളർപ്പും കൂറുമാറ്റവും ഉദ്ധവ് താക്കറേ, ശരദ് പവാർ എന്നിവരോടുള്ള സഹതാപത്തിന് ഇടനൽകിയിട്ടുമുണ്ട്. മറാത്ത സംവരണ പ്രക്ഷോഭവും കർഷകരോഷവും എൻ.ഡി.എയുടെ സാധ്യതകൾക്ക് മങ്ങലേൽപിക്കുന്നു.
ബി.ജെ.പി അവിഭക്ത ശിവസേനയുമായി ചേർന്നു മത്സരിച്ച 2019 ൽ സഖ്യം 48 ൽ 41 സീറ്റുകളാണ് നേടിയത്. ബി.ജെ.പി 23 ഉം ശിവസേന 18 ഉം. ശിവസേനയുമായുള്ള സഖ്യവും പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച പ്രകാശ് അംബേദ്കറുടെ വി.ബി.എയുമാണ് കഴിഞ്ഞ തവണത്തെ ഈ നേട്ടത്തിനു പിന്നിൽ. കോൺഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്കായ ദലിത്, മുസ്ലിം വോട്ടുകൾ വി.ബി.എ ഭിന്നിപ്പിച്ചു. ഇത്തവണ വി.ബി.എക്ക് ഇൻഡ്യാ സഖ്യത്തിന്റെ വോട്ട് ഭിന്നിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. മുംബൈ അടക്കമുള്ള നഗരങ്ങളിൽ മറാത്തി വികാരം ശക്തമാണ്. ഗുജറാത്തി- മറാത്തി വിഭജനം മുംബൈ നഗരത്തിൽ പ്രകടമായിരുന്നു. മറാത്ത് വാട മേഖലയിൽ മറാത്ത രോഷവും ബി.ജെ.പിക്ക് പ്രതികൂലമാകും. ഗ്രാമീണ മേഖലകളിൽ കർഷക രോഷമാണ് പ്രതികൂലം.
അഞ്ചു ഘട്ടങ്ങളായാണ് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടന്നത്. അഞ്ചാം ഘട്ടം അവസാനിച്ചതോടെ അജിത് പവാർ പക്ഷം വിളിച്ചുചേർത്ത യോഗത്തിൽ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമല്ലെന്ന വിശകലനമാണുണ്ടായത്. എൻ.സി.പിയുടെ പരമ്പരാഗത വോട്ട് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന നിരീക്ഷണം നടത്തിയത് പ്രഫുൽ പട്ടേലാണ്. ഷിൻഡെ പക്ഷ ശിവസേനയുടെ വോട്ട് ലഭിച്ചോ എന്ന കാര്യത്തിലും സംശയമുന്നയിക്കപ്പെട്ടു. നാസിക് സീറ്റിൽ അടക്കം അജിത് പക്ഷം സഹകരിച്ചില്ലെന്ന് ഷിൻഡെ പക്ഷവും ആരോപിക്കുന്നു. ഡിൻഡോരിയിൽ ബി.ജെ.പി സിറ്റിങ് എം.പി ഭാരതി പവാറിനെ അജിത് പക്ഷം പിന്തുണച്ചില്ല. അവിടെ പവാർ പക്ഷ സ്ഥാനാർഥിക്കാണ് അജിത് പക്ഷ അണികളുടെ പിന്തുണ.
ഉദ്ധവ്, പവാർ എന്നിവരോടുള്ള സഹതാപം, തൊഴിലില്ലായ്മ അടക്കമുള്ള ഭരണവിരുദ്ധ വികാരം, മറാത്തുകളുടെയും കർഷകരുടെയും രോഷം എന്നിവയിലാണ് ഉദ്ധവ് പക്ഷ ശിവസേന, പവാർ പക്ഷ എൻ.സി.പി, കോൺഗ്രസ് തുടങ്ങിയവർ അടങ്ങിയ ഇൻഡ്യാ ബ്ലോക്കിന്റെ പ്രതീക്ഷ. 13 സീറ്റുകളിലാണ് ഷിൻഡെ പക്ഷവും ഉദ്ധവ് പക്ഷവും മുഖാമുഖം നേരിട്ടത്. ഈ സീറ്റുകളിലെ ഫലം ഇരുകൂട്ടർക്കും നിർണായകമാണ്. അതേസമയം, അജിത് പക്ഷവും പവാർ പക്ഷവും രണ്ട് സീറ്റുകളിലാണ് പരസ്പരം മത്സരിച്ചത്. അതിൽ പവാർ കുടുംബ തട്ടകമായ ബാരാമതി ഇരുവർക്കും നിർണായകമാണ്. പവാറിന്റെ മകളും സിറ്റിങ് എം.പിയുമായ സുപ്രിയ സുലേക്ക് എതിരെ അജിതിന്റെ ഭാര്യ സുനേത്ര പവാറിനെയാണ് മത്സരിപ്പിച്ചത്. 30 ഓളം സീറ്റുകൾ എൻ.ഡി.എ നേടുമെന്ന നിരീക്ഷണത്തിലാണ് ബി.ജെ.പി. അതേസമയം 48 ൽ പകുതിയിലേറെ ഇൻഡ്യാ ബ്ലോക്കിന് സാധ്യതയുണ്ടെന്നാണ് മറ്റൊരു നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.