ലഖ്നോ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെയും ബോളിവുഡ് താരം രാഖി സാവന്തിനെയും താരതമ്യപ്പെടുത്തിയ പ്രസ്താവനയിൽ വിശദീകരണവുമായി ഉത്തർപ്രദേശ് നിയമസഭ സ്പീക്കർ ഹൃദയ് നാരായൺ ദീക്ഷിത്. ശനിയാഴ്ച ഉന്നാവിൽ നടന്ന ബി.ജെ.പി പരിപാടിക്കിടെയായിരുന്നു സ്പീക്കറുടെ വിവാദ പരാമർശം.
'ഗാന്ധിജി അൽപവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. ഒരു ധോത്തി മാത്രമാണ് വസ്ത്രം. ലളിതമായ വസ്ത്രം ധരിക്കുന്നതിലൂടെ ഒരാൾ വലിയവൻ ആകുമെങ്കിൽ രാഖി സാവന്ത് ഗാന്ധിജിയേക്കാൾ വലിയ ആളാകുമായിരുന്നു' -എന്നായിരുന്നു ദീക്ഷിതിന്‍റെ പരാമർശം.
ഉന്നാവിലെ ഭാഗവന്ത് നഗർ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ കൂടിയാണ് ദീക്ഷിത്. അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ബി.ജെ.പിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രബുദ്ധ ജൻ പരിപാടിയുടെ വേദിയിലായിരുന്നു ദീക്ഷിത് ഗാന്ധിയെയും രാഖി സാവന്തിനെയും ദീക്ഷിത് താരതമ്യപ്പെടുത്തിയത്.
ദീക്ഷിതിൻറെ വിഡിയോ വൈറലായതോടെ പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഗാന്ധിജിയെയും സ്ത്രീകളെയും അപമാനിക്കുന്നതാണ് ദീക്ഷിതിന്‍റെ പരാമർശമെന്നായിരുന്നു സമാജ്വാദി പാർട്ടിയുടെയും കോൺഗ്രസിന്‍റെയും പ്രതികരണം. യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് ദീക്ഷിതിനെ വിമർശിച്ച് രംഗത്തെത്തി. 'നുണകളുടെ പൂക്കൾ' എന്ന ഹാഷ്ടാഗോടെയാണ് ദീക്ഷിതിന്‍റെ വിഡിയോ അഖിലേഷ് ട്വിറ്ററിൽ പങ്കുവെച്ചത്.
സമൂഹമാധ്യമങ്ങളിൽ അടക്കം പ്രതിഷേധം ശക്തമായതോടെ തന്‍റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്ന ആരോപണവുമായി ദീക്ഷിത് രംഗത്തെത്തി. 'പരിപാടിയിൽ എന്നെ അഭിസംബോധന ചെയ്തത് പ്രബുദ്ധനായ എഴുത്തുകാരൻ എന്നായിരുന്നു. എന്നാൽ അത് ഞാൻ അംഗീകരിക്കില്ല. ചില പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയെന്നു കരുതി ആരും പ്രബുദ്ധനായ എഴുത്തുകാരാകില്ല. അതേ അർഥത്തിലാണ് മഹാത്മാഗാന്ധി അൽപ വസ്ത്രം മാത്രമാണ് ധരിക്കുന്നതെന്ന് ഞാൻ പറഞ്ഞത്. രാഷ്ട്രം അദ്ദേഹത്തെ ബാപ്പുവായി കാണുന്നു. എന്നുകരുതി രാഖി സാവന്ത് ഗാന്ധിയാണെന്ന് അത് അർഥമാക്കുന്നില്ല' -എന്നായിരുന്നു ദീക്ഷിതിന്‍റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.