ന്യൂഡൽഹി: ബിയർ ക്യാനിൽ മഹാത്മ ഗാന്ധിയുടെ ചിത്രവും ഒപ്പും പ്രിന്‍റ് ചെയ്ത റഷ്യൻ മദ്യക്കമ്പനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനമുയരുന്നു. റഷ്യൻ ബ്രാൻഡായ റിവോർട്ടിന്‍റെ ‘മഹാത്മ ജി’ എന്ന പേരിലുള്ള ബിയറിന്‍റെ ചിത്രം ഒഡിഷ മുൻമുഖ്യമന്ത്രി നന്ദിനി സത്പതിയുടെ കൊച്ചുമകൻ സുപർണോ സത്പതി എക്സിൽ പങ്കുവെച്ചതോടെയാണ് നെറ്റിസൺസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്‍റെ ഉറ്റ സുഹൃത്തായ റഷ്യൻ പ്രസിഡന്‍റിനെ ഇക്കാര്യം അറിയിക്കണമെന്ന് അഭ്യർഥിക്കുകയാണ്. റഷ്യയുടെ റിവോർട്ട് ഗാന്ധിയുടെ പേരിൽ ബിയർ വിൽക്കുകയാണ്’ -എന്ന കുറിപ്പിനൊപ്പമാണ് സുപർണോ എക്സിൽ ചിത്രം പങ്കുവെച്ചത്. പ്രധാനമന്ത്രി മോദിയെയും റഷ്യൻ പ്രസിഡന്‍റിനെയും ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.
സമൂഹമാധ്യമത്തിൽ വൈറലായ പോസ്റ്റിനു താഴെ നിരവധിപേരാണ് കമന്‍റുമായെത്തിയത്. രാഷ്ട്രപിതാവിനോടുള്ള അപമര്യാദയാണിതെന്ന് നിരവധി ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. സമാധാനത്തിന്റെയും മദ്യവർജനത്തിന്റെയും പ്രതീകമായ ഗാന്ധിയുടെ പേരും ചിത്രവും റഷ്യൻ മദ്യക്കമ്പനി ഉപയോഗിക്കുന്നത് ഞെട്ടിക്കുന്നതും അംഗീകരിക്കാനാകാത്തതുമാണ്. ഇതിലൂടെ അദ്ദേഹത്തിന്റെ പാരമ്പര്യത്തെയാണ് പരിഹസിക്കുന്നത്. ഇന്ത്യൻ മൂല്യങ്ങളെയും കോടിക്കണക്കിന് ഇന്ത്യക്കാരെയും അപമാനിക്കലാണിതെന്നും അവർ ചൂണ്ടിക്കാണിച്ചു.
റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനെതിരെ ഒരു സമൻസെങ്കിലും ഇറക്കിയാൽ സന്തോഷമെന്നായിരുന്നു മറ്റൊരു ഉപയോക്താവിന്‍റെ കമന്‍റ്. ബിയർ ക്യാനിന്‍റെ വിഡിയോ ഇൻസ്റ്റഗ്രാമിലും പ്രചരിക്കുന്നുണ്ട്.
അതേസമയം മഹാത്മ ഗാന്ധിയുടെ ചിത്രം മദ്യക്കുപ്പികളിൽ പ്രത്യക്ഷപ്പെട്ട സംഭവം നേരത്തെയും ഉണ്ടായിട്ടുണ്ട്. 2019ൽ ഇസ്രായേലിന്‍റെ 71-ാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് പുറത്തിറക്കിയ മദ്യക്കുപ്പിയിൽ ഗാന്ധിയുടെ ചിത്രമുണ്ടായിരുന്നു. വിമർശനമുയർന്നതോടെ കമ്പനി മാപ്പ് പറഞ്ഞ് തടിയൂരി. അതേവർഷം ചെക്ക് മദ്യക്കമ്പനി മഹാത്മ ഇന്ത്യ പെയ്‍ൽ അലെ എന്ന ബ്രാൻഡിനെ റീബ്രാൻഡ് ചെയ്തിരുന്നു. അമേരിക്കൻ മദ്യക്കമ്പനിയുടെ ബിയർ ക്യാനിലും ഗാന്ധിയുടെ ചിത്രം വന്നതിനു പിന്നാലെ, 2015ലെ കേസിൽ കമ്പനി മാപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.