ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ‘മഹായുതി’ സർക്കാറിന് അധികാരത്തിൽ തിരിച്ചെത്തില്ലെന്ന് അറിയാമെന്നും മുംബൈയിലെയും സംസ്ഥാനത്തെയും ജനങ്ങളുടെ ചെലവിൽ അദാനി ഗ്രൂപ്പിന് ‘സമ്മാനം’ നൽകാനാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ചെലവഴിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി മുകളിൽ നിന്നുള്ള നിർദേശങ്ങൾ വ്യക്തമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
‘മഹായുതി’യുടെ തെരഞ്ഞെടുപ്പ് ഭാവി ഇരുളടഞ്ഞതാണ്. പക്ഷേ, അധികാരം നഷ്‌ടപ്പെടും മുമ്പ് അതിന് ‘മോദാനി’യുടെ സാമ്പത്തിക ഭാവി സംരക്ഷിക്കണം. ഇ.സി.ഐ ഇന്ന് ഉച്ചകഴിഞ്ഞ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അധികാരത്തിൽ തിരിച്ചെത്തില്ലെന്ന് അറിഞ്ഞ് നിരാശരായ ‘മഹായുതി’ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബൈയിലെയും മഹാരാഷ്ട്രയിലെയും ജനങ്ങളുടെ ചെലവിൽ മോദാനിക്ക് സമ്മാനങ്ങൾ നൽകി’യെന്ന് പറഞ്ഞ രമേശ് അവയെന്തൊക്കെയാണെന്നും എക്‌സിലെ പോസ്റ്റിൽ വ്യക്തമാക്കി.
2024 സെപ്റ്റംബർ 15ന്, ഉപഭോക്തൃ വിലയിൽ മഹാരാഷ്ട്രക്ക് 6,600 മെഗാവാട്ട് വൈദ്യുതി നൽകാനുള്ള ഊർജ കരാർ മോദാനി നേടിയെടുത്തു.
സെപ്റ്റംബർ 30ന്, 255 ഏക്കർ പാരിസ്ഥിതികമായി ദുർബലമായ ഉപ്പ് പാടം മോദാനിക്ക് കൈമാറി.
ഒക്ടോബർ 10ന്, മദ്‌ഹിലെ 140 ഏക്കർ കൈമാറി.
ഒക്ടോബർ 14ന്, മുംബൈയിലെ ഡിയോനാർ ലാൻഡ്‌ഫില്ലിൽനിന്ന് 124 ഏക്കർ മോദാനിക്ക് കൈമാറി -രമേശ് കുറിച്ചു.
ഏകനാഥ് ഷിൻഡെയുടെ ശിവസേന, ബി.ജെ.പി, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി എന്നിവ ‘മഹായുതി’ സഖ്യത്തിൽ ഉൾപ്പെടുന്നു. പ്രതിപക്ഷ നിരയിൽ കോൺഗ്രസ്, ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ), ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി എന്നിവയും ഉൾപ്പെടുന്നു. മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഷെഡ്യൂൾ ഇന്ന് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിക്കും. മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ 26നാണ് അവസാനിക്കുക.
യു.എസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച്, വഞ്ചനാപരമായ ഇടപാടുകളും ഓഹരി വില കൃത്രിമത്വവും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് വിപണിയിൽ തിരിച്ചടിയേറ്റത് മുതൽ കോൺഗ്രസ് മോദി സർക്കാറിനെതിരായ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.