ന്യൂഡൽഹി: ലോക്സഭയിൽനിന്ന് തന്നെ പുറത്താക്കാൻ എത്തിക്സ് കമ്മിറ്റി ആയുധമാക്കിയെന്നും അധാർമിക കമ്മിറ്റിയായി എത്തിക്സ് കമ്മിറ്റി മാറിയെന്നും മഹുവ മൊയ്ത്ര. ചട്ടങ്ങളെല്ലാം കമ്മിറ്റി ലംഘിച്ചു. വേട്ടയാടലിന് ലോക്സഭ വേദിയാക്കി. വീണ്ടും തന്നെ ദ്രോഹിക്കാൻ സി.ബി.ഐയെ അയച്ചേക്കും. പക്ഷേ, കങ്കാരു കോടതിയുടെ വധശിക്ഷ വകവെക്കാതെ, 49 വയസ്സായ തന്റെ പോരാട്ടം ഇനിയുമൊരു 30 വർഷംകൂടി തുടരുമെന്ന് മഹുവ പറഞ്ഞു.
പാർലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമക്കു മുന്നിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മഹുവ. വനിത സംവരണ ബിൽ പാസാക്കിയ സർക്കാർ ലോക്സഭയിൽ ആകെയുള്ള 78 വനിതകളിലൊരാളെ പുറന്തള്ളി. സഭയിൽ ബി.എസ്.പി അംഗം ഡാനിഷ് അലിയെ വർഗീയമായി അധിക്ഷേപിച്ച ബി.ജെ.പി എം.പി രമേശ് ബിധുരിക്കെതിരെ നടപടിയൊന്നുമില്ല. 20 കോടി മുസ്ലിംകളുള്ള രാജ്യത്തെ പാർലമെന്റിൽ ആകെയുള്ള 26 മുസ്ലിംകളിലൊരാളാണ് ഡാനിഷ് അലി. വനിതകളെയും ന്യൂനപക്ഷങ്ങളെയും ബി.ജെ.പിക്ക് വെറുപ്പാണ്.
രണ്ടു സ്വകാര്യ വ്യക്തികളുടെ മൊഴി മാത്രം അടിസ്ഥാനപ്പെടുത്തിയാണ് തന്നെ പുറത്താക്കിയത്. അതിലൊരാൾ തന്റെ മുൻപങ്കാളിയാണ്. നിക്ഷിപ്ത താൽപര്യങ്ങളാണ് അയാളുടെ പരാതിക്ക് കാരണം. വ്യവസായിയായ രണ്ടാമനെ സമിതി വിളിക്കുകയോ ചോദ്യങ്ങൾ ഉന്നയിക്കുകയോ ചെയ്തിട്ടില്ല. പരാതിയുടെ കാരണങ്ങളിലേക്കോ തെളിവുകളിലേക്കോ കമ്മിറ്റി കടന്നിട്ടില്ല. ജനങ്ങളിൽനിന്നാണ് ചോദ്യങ്ങൾ ഉണ്ടാകുന്നത്. അത് പാർലമെന്റിൽ ഉന്നയിക്കാൻ വെബ് പോർട്ടലിന്റെ ഐഡിയും പാസ്വേഡും കൈമാറിയെന്നാണ് കുറ്റം. ഇക്കാര്യത്തിൽ വ്യക്തമായ ചട്ടങ്ങൾതന്നെയില്ലാത്തപ്പോഴാണ് ദേശസുരക്ഷ പ്രശ്നത്തിലായെന്ന കുറ്റം. 30,000 കോടി രൂപയുടെ കൽക്കരി ക്രമക്കേടിന് ഉത്തരവാദിയായ അദാനിക്കെതിരെ ഒരന്വേഷണവുമില്ല. അദാനി ഗ്രൂപ് വിമാനത്താവളവും തുറമുഖവും മറ്റ് അടിസ്ഥാനസൗകര്യ ശൃംഖലയുമെല്ലാം കൈയടക്കുന്നു. അതിനെല്ലാം ദേശസുരക്ഷയുടെ പ്രശ്നമില്ലാതെ അനുമതി കിട്ടുന്നു -മഹുവ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.