ന്യൂഡൽഹി: മുഖ്യധാര മാധ്യമങ്ങൾക്ക് ഭീഷണിയാവുന്നത് നവമാധ്യമങ്ങളല്ലെന്നും മറിച്ച് മുഖ്യധാര ചാനലുകൾ തന്നെയാണെന്നും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ. മുഖ്യധാരാ ചാനലുകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യ-പസഫിക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബ്രോഡ്കാസ്റ്റിങ് ഡെവലപ്‌മെന്‍റ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വസ്തുതകളെ അഭിമുഖീകരിക്കുന്നതും സത്യം അവതരിപ്പിക്കുന്നുതും എല്ലാ വിഭാഗങ്ങളെയും അവരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ അനുവദിക്കുകയും ചെയ്യുന്നതാണ് യഥാർഥ മാധ്യമപ്രവർത്തനം. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ മുഖ്യധാരാ മാധ്യമങ്ങൾക്ക് ഏറ്റവും വലിയ ഭീഷണിയാവുന്നത് നവയുഗ ഡിജിറ്റൽ പ്ലാറ്റ് ഫോമുകളല്ല, മറിച്ച് മുഖ്യധാരാ ചാനലുകളാണ്.' -അനുരാഗ് താക്കൂർ പറഞ്ഞു. ധ്രുവീകരികരണം നടത്തുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന അതിഥികളെ ക്ഷണിക്കാൻ തീരുമാനിച്ചാൽ ചാനലുകളുടെ വിശ്വാസ്യത കുറയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രകോപനപരമായ അവതരണരീതിയിലൂടെ കാഴ്ചക്കാരെ പെട്ടെന്ന് ആകർഷിക്കാൻ കഴിഞ്ഞേക്കും. എന്നാൽ ക്രമേണ ജനങ്ങൾക്ക് അവതാരകനിലും ചാനലിലുമുള്ള വിശ്വാസ്യത നഷ്ടപ്പെടും. കടുത്ത മത്സരങ്ങൾ നടക്കുന്ന സമയത്ത് മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ, വാർത്തകൾ വളച്ചൊടിക്കാതെ അവതരിപ്പിക്കാൻ മാധ്യമപ്രവർത്തകർ ബാധ്യസ്ഥരാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.