ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ ഇന്ത്യ ഇന്നലെ നടത്തിയ അഗ്നി-5 മിസൈൽ പരീക്ഷണം ചൈനക്കുള്ള വ്യക്തമായ സന്ദേശമെന്ന് വിലയിരുത്തൽ. 5000 കിലോമീറ്റർ പ്രഹരപരിധിയുള്ളതാണ് ഭൂതല-ഉപരിതല ബാലിസ്റ്റിക് മിസൈലായ അഗ്നി-5. ബെയ്ജിങ്, ഷാങ്ഹായ് ഉൾപ്പെടെയുള്ള പ്രധാന ചൈനീസ് നഗരങ്ങളെല്ലാം അഗ്നിയുടെ ആക്രമണപരിധിയിലായി.
ആദ്യം ഉപയോഗിക്കില്ല എന്ന ഇന്ത്യയുടെ പ്രഖ്യാപിത നയത്തിൽ അടിയുറച്ചു നിന്നുകൊണ്ടുതന്നെയാണ് അഗ്നി-5 മിസൈലിന്‍റെ പരീക്ഷണമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഒഡിഷയിലെ എ.പി.ജെ. അബ്ദുൽ കലാം ദ്വീപിൽ നിന്ന് ഇന്നലെ വൈകീട്ട് 7.50ഓടെയായിരുന്നു അഗ്നി 5ന്‍റെ വിക്ഷേപണം. ഖര ഇന്ധനം ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായി പൂർണ പ്രവർത്തന സജ്ജമാകുന്ന ജ്വലനസംവിധാനമാണ് മിസൈലിന്‍റേത്. 5000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിൽ കൃത്യമായി പതിക്കാനുള്ള ശേഷി മിസൈലിനുണ്ട്.
17 മീറ്റര്‍ നീളമുള്ള മിസൈലിന് 50 ടണ്‍ ഭാരമുണ്ട്. അഗ്നി സീരിസിലെ അഞ്ചാമത്തെ മിസൈല്‍ ആണ് ഇത്. അഗ്നി 1 -700 കി.മി, അഗ്നി 2 -2000 കി.മീ, അഗ്നി 3 -3500 കിലോമീറ്റർ, അഗ്നി 4 -2500 മുതല്‍ 3500 കിലോമീറ്റർ എന്നിങ്ങനെയാണ് പ്രഹരശേഷി. 2012 ഏപ്രിൽ 19നായിരുന്നു അഗ്നി 5ന്‍റെ ആദ്യപരീക്ഷണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.