സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രവചിക്കപ്പെട്ടപോലെ കോൺഗ്രസിന് അനുകൂലമായിരുന്നു. 489 സീറ്റുകളില്‍ മത്സരിച്ച് കോണ്‍ഗ്രസ് 364സീറ്റുകള്‍ നേടി. എന്നാൽ, വമ്പൻമാർ കടപുഴകി വീണത് പലരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കർ, കമ്യൂണിസ്റ്റ് പാർട്ടി നേതാവ് എസ്.എ. ഡാങ്കെ, ആചാര്യ കൃപാലിനി, രാംനാഥ് ഗോയങ്ക, കെ. സന്താനം തുടങ്ങിയവരുടെ പരാജയം പിന്നീടുള്ള, രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ പലവിധത്തിൽ മാറ്റി എഴുതി.
തെരഞ്ഞടുപ്പിൽ ബോംബെ സിറ്റി നോർത്തിലാണ് അംബേദ്കറും എസ്.എ ഡാങ്കെയും മത്സരിച്ചത്. അത് ദ്വയാംഗ മണ്ഡലമായിരുന്നു. വോട്ടർമാർ സംവരണ മണ്ഡലത്തിലും ജനറൽ സീറ്റിലും ഒരോവോട്ട് വീതം ചെയ്യണം. അംബേദ്കർ സംവരണ മണ്ഡലത്തിലാണ് മത്സരിച്ചത്. ഡാങ്കെ മത്സരിച്ചത് ജനറൽ മണ്ഡലത്തിലും. ഷെഡ്യൂൾഡ് കാസ്റ്റ്സ് ഫെഡറേഷൻ സ്ഥാനാർത്ഥിയായിരുന്നു അംബേദ്കർ. ജനറൽ സീറ്റിൽ ജയിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഗാന്ധി വിതാൽ ബാലകൃഷ്ണനായിരുന്നു. സംവരണ മണ്ഡലത്തിൽ കോൺഗ്രസിന്റെ നാരായൻ സദോബ കജ്റോൽകർ ജയിച്ചു. ജനറൽ മണ്ഡലത്തിൽ ത്രികോണ മത്സരമാണ് നടന്നത്. കോൺഗ്രസിന്റെ ജി.വി. ബാലകൃഷ്ണക്ക് 149138 വോട്ടുകൾ കിട്ടി. സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി അശോക് മേത്തക്ക് 13,97,41 വോട്ടുകൾ ലഭിച്ചു. ഡാങ്കെക്ക് 96755 വോട്ടുകളും. സംവരണമണ്ഡലത്തിൽ നേർക്കുനേർ മത്സരമായിരുന്നു. 14, 561 വോട്ടുകൾക്ക് അംബേദ്കർ തോറ്റു. അംബേദ്കർ തോൽക്കാൻ കാരണങ്ങൾ പലതുണ്ട്. ഒന്നാമത് തന്റെ പ്രവർത്തന മണ്ഡലം രാജ്യമാകെ പടർത്തിയിരുന്നതിനാൽ തന്നെ അംബേദ്കർക്ക് ഒരു മണ്ഡലം സ്വന്തമെന്ന് പറയാൻ ഉണ്ടായിരുന്നില്ല. ഇക്കാരണത്താൽ തന്നെയാണ് 1954 ൽ ഭണ്ഡാര (Bhandara) ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടത്. നിയമന്ത്രിയായിരുന്ന ആൾ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസ് സർക്കാരിനെതിരെ നിലപാട് എടുത്തു സർക്കാരിൽ നിന്ന് പുറത്തുവന്നുമാണ് മത്സരിക്കുന്നത്. സോഷ്യലിസ്റ്റുകൾക്കും കമ്യൂണിസ്റ്റുകൾക്കും നിർണായക സ്വാധീനമുണ്ടായ മണ്ഡലമാണ് ബോംബെ സിറ്റി നോർത്ത്.
തെരഞ്ഞെടുപ്പിന് മുമ്പാണ് കോൺഗ്രസുമായി തെറ്റി ആചാര്യ കൃപാലിനി പുറത്തുവന്ന് കിസാൻ മസ്ദൂർ പ്രജാ പാർട്ടി രൂപീകരിച്ചത്. മലബാറിൽ കമ്യൂണിസ്റ്റ് പാർട്ടി പിന്തുണയോടെയാണ് കെ.എം.പി.പി മത്സരിച്ചത്. പൊന്നാനിയിൽ കെ. കേളപ്പനും, കണ്ണൂരിൽ എൻ. ദാമോദരനും കോഴിക്കോട് എ. ദാമോദര മേനോനും കെ.എം.പി.പി സ്ഥാനാർത്ഥകളായി വിജയിച്ചു. എന്നാൽ കൃപാലിനി ഫൈസാബാദിൽ കോൺഗ്രസിന്റെ ലല്ലൻജിയോട് തോറ്റു. കെ.എം.പി.പിക്ക് വലിയ തിരിച്ചടിയായിരുന്നു ആ പരാജയം. ഇന്ത്യൻ എക്സപ്രസ് തലവനും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ രാംനാഥ് ഗോയങ്ക തോറ്റത് മദ്രാസിലെ ദിണ്ടഡിവാരം മണ്ഡലത്തിൽ ടി.എൻ.ടി സ്ഥാനാർത്ഥി വി. മുനിസാമിയോടാണ്. ഗോയങ്ക പിന്നീട് 1971ൽ ജനസംഘം സ്ഥാനാർത്ഥിയായി വിദിശ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലെത്തി.
ഒന്നാം പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി പക്ഷേ നടന്നത് മദ്രാസിലെ മയൂരം മണ്ഡലത്തിലാണ്. അവിടെ കോൺഗ്രസ് സ്ഥാനർത്ഥി നെഹ്റുവിന്റെ ഇടക്കാല മന്ത്രിസഭയിലെ റെയിൽവേ മന്ത്രി കൂടിയായ കെ.സന്താനമായിരുന്നു. തലയെടുപ്പുള്ള അദ്ദേഹം തോറ്റത് റെയിൽവേ ട്രേഡ് യൂണിയൻ നേതാവും മലയാളിയുമായ അനന്തൻ നമ്പ്യാരോടാണ്. സമരങ്ങൾ അനന്തൻ നമ്പ്യാർക്ക് വൻ ജനസമ്മിതി നേടിക്കൊടുത്തിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ തുറുപ്പു ചീട്ടായിരുന്നു അദ്ദേഹം. തമിഴ്മണ്ണിൽ മറ്റൊരു മലയാളികൂടി ആ തെരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ചിരുന്നു. ഡിണ്ടിഗൽ മണ്ഡലത്തിൽ കോൺ ഗ്രസ് സ്ഥാനാർത്ഥി അമ്മു സ്വാമിനാഥനാണ് ജയിച്ചത്. സി.പി.ഐ നേതാവ് കൃഷ്ണ സ്വാമിയെയാണ് അമ്മു സ്വാമിനാഥൻ തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.