യു.പിയിലെ ഹാഥറസിൽ പ്രാർഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 116 പേരാണ് മരിച്ചത്. സിക്കന്ദ്റ റാവു പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫുൽറായി ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. നാരായൺ സാകർ ഹരി (ഭോലെ ബാബ) എന്ന പ്രാദേശിക ഗുരുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സത്സംഗ്’ ചടങ്ങിനിടെയാണ് തിക്കുംതിരക്കുമുണ്ടായത്. 50,000ത്തിലധികം പേർ ഒത്തുകൂടിയ ചടങ്ങ് അവസാനിച്ചശേഷം ആളുകൾ പിരിഞ്ഞുപോകാൻ തുടങ്ങുമ്പോഴാണ് ദുരന്തം.
രാജ്യത്തെ നടുക്കിയ, തിക്കും തിരക്കുംമൂലമുണ്ടായ ദുരന്തങ്ങൾ ഇവയാണ്
- 2022 ജനുവരി 1: ജമ്മു-കശ്മീരിലെ പ്രസിദ്ധമായ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു.
- 2015 ജൂലൈ 14: ആന്ധ്രപ്രദേശിലെ രാജമുണ്ട്രിയിലെ പുഷ്കരം ഉത്സവത്തിെന്റ ഉദ്ഘാടന ദിനത്തിൽ ഭക്തജനങ്ങൾ തടിച്ചുകൂടിയ ഗോദാവരി നദിയുടെ തീരത്തെ പ്രധാന കുളിക്കടവിൽ തിക്കിലും തിരക്കിലും പെട്ട് 27 തീർഥാടകർ മരിച്ചു.
- 2014 ഒക്ടോബർ 3: ദസറ ആഘോഷങ്ങൾ അവസാനിച്ചതിന് തൊട്ടുപിന്നാലെ പട്നയിലെ ഗാന്ധി മൈതാനത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 32 പേർ മരിച്ചു.
- 2013 ഒക്ടോബർ 13: മധ്യപ്രദേശിലെ ദാതിയ ജില്ലയിലെ രത്തൻഗഢ് ക്ഷേത്രത്തിന് സമീപം നവരാത്രി ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 115 പേർ മരിച്ചു. ഭക്തർ കടന്നുപോകുന്ന പാലം തകരുമെന്ന അഭ്യൂഹമാണ് തിക്കിനും തിരക്കിനും കാരണമായത്.
- 2012 നവംബർ 19: പട്നയിലെ ഗംഗാ നദിയുടെ തീരത്തുള്ള അദാലത്ത് ഘട്ടിൽ ഛാത്ത് പൂജക്കിടെ തിക്കിലും തിരക്കിലും പെട്ട് 20 പേർ മരിച്ചു.
- 2011 നവംബർ 8: ഹരിദ്വാറിൽ ഗംഗാ നദിയുടെ തീരത്തുള്ള ഹർ-കി-പൗരി ഘട്ടിൽ തിക്കിലും തിരക്കിലും പെട്ട് 20 പേർ മരിച്ചു.
- 2011 ജനുവരി 14: കേരളത്തിലെ ഇടുക്കി ജില്ലയിലെ പുല്ലുമേട്ടിൽ തീർഥാടകർക്കിടയിലേക്ക് ജീപ്പ് ഇടിച്ചുകയറിയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 104 ശബരിമല തീർഥാടകർ മരിച്ചു.
- 2010 മാർച്ച് 4: ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലെ കൃപാലു മഹാരാജിെന്റ രാം ജാൻകി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 63 പേർ മരിച്ചു.
- 2008 സെപ്റ്റംബർ 30: രാജസ്ഥാനിലെ ജോധ്പുർ നഗരത്തിലെ ചാമുണ്ഡ ദേവി ക്ഷേത്രത്തിൽ ബോംബ് സ്ഫോടനമുണ്ടായെന്ന അഭ്യൂഹത്തെ തുടർന്ന് തിക്കിലും തിരക്കിലും പെട്ട് 250ഓളം ഭക്തർ മരിച്ചു.
- 2008 ആഗസ്റ്റ് 3: ഹിമാചൽ പ്രദേശിലെ ബിലാസ്പുർ ജില്ലയിലെ നൈനാ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 162 പേർ മരിച്ചു.
- 2005 ജനുവരി 25: മഹാരാഷ്ട്രയിലെ സതാറ ജില്ലയിലെ മന്ധർദേവി ക്ഷേത്രത്തിൽ വാർഷിക തീർഥാടനത്തിനിടെ 340ലധികം ഭക്തർ തിരക്കിൽപെട്ട് മരിച്ചു. ഭക്തർ നാളികേരം ഉടക്കുന്നതിനിടെ വഴുക്കലുണ്ടായ പടിയിൽ ചിലർ വീണതാണ് അപകടമുണ്ടായത്.
- 2003 ആഗസ്റ്റ് 27: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ കുംഭമേളയിൽ സ്നാനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.