Representative Image

ബംഗളൂരു നഗരത്തിൽ തോക്കുചൂണ്ടി മലയാളിയുടെ ബൈക്ക് കവർന്നു

ബംഗളൂരു: നഗരത്തിൽ പട്ടാപകൽ തോക്കുചൂണ്ടി മലയാളിയുടെ ബൈക്ക് കവർന്നു. ചിക്കബാണവര മാരുതി നഗറിൽ താമസിക്കുന്ന കണ്ണൂർ ആറളം കീഴ്പ്പള്ളി സ്വദേശി ജോസഫിൻെറ മകൻ ടോമി ആലുങ്കൽ (52) ആണ് കവർച്ചക്കിരയായത്.

ചൊവ്വാഴ്ച രാവിലെ 7.15ന് ചിക്കബാണവര സർക്കിളിലാണ് സംഭവം. ടോമിയുടെ ഭാര്യ ആൻസിയുടെ പേരിലാണ് നഷ്ടപ്പെട്ട ൈബക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മലയാളം മിഷൻ കർണാടക ഘടകം സെക്രട്ടറി കൂടിയാണ് ടോമി ആലുങ്കൽ. ആൻസിയുടെ പരാതി പ്രകാരം സോളദേവനഹള്ളി പൊലീസ് കേസെടുത്തു.

ഇൻറീരിയർ ഡിസൈനറായ ടോമി ചൊവ്വാഴ്ച ചിക്കബാണവര സർക്കിളിലെ ജോലിസ്ഥലത്തേക്ക് വന്നതായിരുന്നു. ജങ്ഷന് സമീപം നിർമാണം നടക്കുന്ന കെട്ടിടത്തിലേക്ക് പണിയായുധങ്ങളുമായി കയറുന്നതിനിടെ ബൈക്കിൽനിന്ന് താക്കോൽ എടുത്തിരുന്നില്ല. ഇതിനിടെ കോട്ടിട്ട ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് എത്തി ബൈക്ക് നിരീക്ഷിച്ചു. കെട്ടിടത്തിലേക്ക് കയറുന്നതായി ഭാവിച്ച ഇയാൾ ഉടൻ തിരിച്ചിറങ്ങി തോക്ക് പുറത്തെടുക്കുകയായിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഒാടിരക്ഷപ്പെട്ടു. താൻ കെട്ടിടത്തിൽനിന്നും ഇറങ്ങുമ്പോഴേക്കും ഇയാൾ അതിവേഗം ബൈക്കുമായി കടന്നുകളഞ്ഞെന്ന് ടോമി പറഞ്ഞു.

പൊലീസിൽ വിവരമറിയിച്ചതോടെ 10 മിനിറ്റിനകം ഫ്ലയിങ് സ്ക്വാഡ് രംഗത്തെത്തി. സമീപത്തെ കടയിൽ നിന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ പ്രതി മാസ്കും ഹെൽമറ്റും ധരിച്ച് ബൈക്കുമായി രക്ഷപ്പെടുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. യുവാവ് പകൽ തോക്കുമായി പ്രത്യക്ഷപ്പെട്ടത് ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. മറ്റെന്തെങ്കിലും കൃത്യം നടത്തിവരുന്ന വഴിയാണോ ഇയാൾ ബൈക്ക് കവർന്ന് രക്ഷപ്പെട്ടതെന്ന വിവരവും അന്വേഷിക്കുന്നുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളിലും അതിർത്തികളിലും ജാഗ്രതാ നിർദേശം നൽകിയ പൊലീസ് പ്രതിക്കായി അന്വേഷണം ഉൗർജിതമാക്കി.

നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി അക്രമവും പിടിച്ചുപറിയും റിപ്പോർട്ട് ചെയ്യുേമ്പാഴും ചിക്കബാണവര മേഖല പൊതുവെ സുരക്ഷിതമായിരുന്നെന്നും പകൽ തോക്കിൻമുനയിൽ മലയാളിയുടെ ബൈക്ക് കവർന്ന സംഭവം ഞെട്ടലുണ്ടാക്കിയതായും ചിക്കബാണവര മലയാളി സമാജം ഭാരവാഹികൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് സത്വര നടപടി സ്വീകരിക്കണമെന്ന് മലയാളി സംഘടനകൾ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.