മുംബൈ: ബി.ജെ.പി ഭോപാൽ എം.പി പ്രജ്ഞസിങ് ഠാകുർ പ്രതിയായ 2008ലെ മാലേഗാവ് സ്ഫോടന കേസിന്റെ വിചാരണ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേസിലെ മറ്റൊരു പ്രതി ലഫ്. കേണൽ പ്രസാദ് പുരോഹിത് ഹരജി നൽകി.
ചൊവ്വാഴ്ച പ്രത്യേക എൻ.ഐ.എ കോടതി മുമ്പാകെയാണ് ഹരജി നൽകിയത്. മാധ്യമങ്ങളിലെ 'ചർച്ചാ നിരീക്ഷകരും രാജ്യദ്രോഹികളും' കേസിനെ അട്ടിമറിക്കാതിരിക്കാൻ മാധ്യമങ്ങളെ വിലക്കി വിചാരണ അടച്ചിട്ട മുറിയിലാക്കണമെന്നാണ് അപേക്ഷ.
അപേക്ഷയിൽ കോടതി, എൻ.ഐ.എയുടെയും സ്ഫോടനത്തിൽ മരിച്ചയാളുടെ പിതാവിന്റെയും മറുപടി തേടി. നേരത്തെ എൻ.ഐ.എയും സമാന ഹരജി നൽകിയിരുന്നു. അന്ന് എൻ.ഐ.എ വാദത്തെ എതിർത്ത് മാധ്യമസ്ഥാപനങ്ങളും കോടതിയെ സമീപിച്ചിരുന്നു.
ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഈ കേസിൽ ജാമ്യം നേടിയ പ്രജ്ഞ സിങ് താക്കൂർ ക്രിക്കറ്റ് കളിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മധ്യപ്രദേശിലെ ഭോപ്പാലിൽ പ്രജ്ഞ ക്രിക്കറ്റ് കളിക്കുന്നതും ആൾക്കൂട്ടം അത് പ്രോൽസാഹിപ്പിക്കുന്ന വിഡിയോയുമാണ് പുറത്ത് വന്നത്.
ഒരു മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള വിഡിയോ ഭോപ്പാലിലെ ശക്തിനഗർ ഏരിയയിൽ നിന്നായിരുന്നു ചിത്രീകരിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നേടിയ പ്രജ്ഞ പിന്നീട് നിരവധി തവണ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അവർ കോടതിയിൽ ഹാജരായിരുന്നില്ല. ഇതിനെ അവർ ഡാൻസ് കളിക്കുന്ന വിഡിയോയും പുറത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.