അധ്യക്ഷ സ്ഥാനത്ത് ഒരു വർഷം പൂർത്തിയാക്കി ഖാർഗെ; ആശംസകളറിയിച്ച് കോൺഗ്രസ്

ന്യൂഡൽഹി: അധ്യക്ഷ സ്ഥാനത്തെത്തി ഒരു വർഷം പൂർത്തിയാക്കുന്ന മല്ലികാർജുൻ ഖാർഗെയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് കോൺഗ്രസ്. ഖാർഗെയുടെ നേതൃത്വത്തിന് കീഴിൽ പാർട്ടിക്ക് വലിയ വിജയമുണ്ടായെന്നും സംഘടനാ ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും പാർട്ടി പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിൽ നടന്ന പാർട്ടി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് ശശി തരൂരിനെ പരാജയപ്പെടുത്തിയായിരുന്നു ഖാർഗെയുടെ വിജയം. 2022 ഒക്ടോബർ 26 നായിരുന്നു അദ്ദേഹം ഔദ്യോഗികമായി കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റത്. ഖാർഗെ കോൺഗ്രസിന്‍റെ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന വ്യക്തിയാണെന്നും ഉയർന്നുവന്ന അദ്ദേഹം, അഭിനിവേശത്തിനും സ്ഥിരോത്സാഹത്തിനും എന്ത് നേടാനാകും എന്നതിന്റെ ഉത്തമ ഉദാഹരണമാണെന്നും കോൺഗ്രസ് എക്സിൽ കുറിച്ചു.

ഒരു ബ്ലോക്ക് തല നേതാവിന്റെ വിനീതമായ സ്ഥാനത്ത് നിന്ന് പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാകുന്നതുവരെ, 55 വർഷത്തെ തിരഞ്ഞെടുപ്പ് വിജയം കൊണ്ട് നിറഞ്ഞ അദ്ദേഹത്തിന്റെ യാത്ര അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ജനാധിപത്യത്തിന്റെ ലക്ഷ്യത്തോടുള്ള പ്രതിബദ്ധതയുടെയും തെളിവാണ്. താൻ വിശ്വസിക്കുന്ന ആദർശങ്ങൾക്കുവേണ്ടി പോരാടുകയും അവ സംരക്ഷിക്കുകയും, പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന നിർഭയനായ നേതാവാണ് ഖാർഗെ.

ഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസ് പുരോഗമിച്ചു. പാർട്ടിയുടെ തെറ്റും ശരിയും ഒരുപോലെ പരിഗണിച്ച് നീതിക്ക് വേണ്ടി പ്രവർത്തിക്കാനും ഖാർഗെക്ക് സാധിച്ചിട്ടുണ്ടെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

ശശി തരൂരും ഖാർഗെക്ക് ആശംസയുമായി രംഗത്തെത്തിയിരുന്നു. പവൻ ഖേര, സുപ്രിയ ശ്രിനേറ്റ്, അഭിഷേക് സിംഗ്വി, മനീഷ് തിവാരി തുടങ്ങിയവരും ഖാർഗെക്ക് ആശംസകളറിയിച്ച് രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Mallikarjun Kharge completes one year as Opposition leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.