മുംബൈ: പശ്ചിമ ബംഗാൾ പി.സി.സി പ്രസിഡന്റും ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവുമായ അധിർ രഞ്ജൻ ചൗധരി മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിക്കെതിരെ പ്രതികരിച്ചതിൽ രൂക്ഷപ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തൃണമൂൽ കോൺഗ്രസിനെ വിശ്വസിക്കാനാകില്ലെന്നും മമത ബാനർജി ബി.ജെ.പിക്കൊപ്പം പോകുമെന്നുമുള്ള അധിർ രഞ്ജന്റെ പ്രസ്താവനയാണ് കോൺഗ്രസ് തള്ളിയത്. പാർട്ടി തീരുമാനങ്ങളെടുക്കാൻ അധിർ രഞ്ജന് അധികാരമില്ലെന്ന് ഖാർഗെ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുതിർന്ന നേതാക്കളും ഹൈകമാൻഡുമാണ് കോൺഗ്രസിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഈ തീരുമാനങ്ങൾ അനുസരിക്കാത്തവർ പുറത്തുപോകേണ്ടി വരുമെന്നും ഖർഗെ പറഞ്ഞു. ‘ഇൻഡ്യ സഖ്യ സർക്കാറിനെ പുറത്തുനിന്ന് പിന്തുണക്കുമെന്ന് മമത പറഞ്ഞിട്ടുണ്ട്. മുമ്പും അങ്ങനെ സംഭവിച്ചിരുന്നു. യു.പി.എ സർക്കാറിനെ കമ്യൂണിസ്റ്റുകാർ പുറത്തുനിന്ന് പിന്തുണച്ചിരുന്നു’ -ഖാർഗെ പറഞ്ഞു.
അതേസമയം, തന്റെ അഭിപ്രായത്തിൽ ഉറച്ചുള്ള മറുപടിയാണ് ഖാർഗെക്ക് അധിർ രഞ്ജൻ നൽകിയത്. കോൺഗ്രസിനെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയെ സ്വാഗതം ചെയ്യാനാകില്ലെന്ന് അധിർ രഞ്ജൻ വ്യക്തമാക്കി. കോൺഗ്രസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ആളെ സ്വാഗതം ചെയ്യാനാകില്ല. വ്യക്തിപരമായ ശത്രുതയില്ല. പ്രത്യയശാസ്ത്രപരമായ എതിർപ്പാണ്. പശ്ചിമ ബംഗാളിൽ കോൺഗ്രസിനെ രക്ഷിക്കാനുള്ള പോരാട്ടമാണിത്. കോൺഗ്രസിന്റെ പാദസേവകനായതിനാൽ ഈ പോരാട്ടം നിർത്താനാവില്ലെന്നും ബെറാംപൂരിൽ വാർത്തസമ്മേളനത്തിൽ അധിർ രഞ്ജൻ പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് ഇൻഡ്യ സഖ്യത്തിന്റെ ഭാഗം തന്നെയാണെന്നും സഖ്യം തന്റെ ആശയമായിരുന്നെന്നും ദേശീയതലത്തിൽ ഒരുമിച്ചാണ് പ്രവർത്തിക്കുകയെന്നും മമത ബുധനാഴ്ച പൊതുയോഗങ്ങളിൽ വ്യക്തമാക്കിയിരുന്നു. 70 ശതമാനത്തോളം തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പ്രതിപക്ഷത്തിന്റെ മുന്നേറ്റം മനസ്സിലാക്കി മമത ചുവടുമാറുകയാണെന്നാണ് അധിർ രഞ്ജന്റെ വാദം.
ബംഗാളിൽ കോൺഗ്രസിനോടും സി.പി.എമ്മിനോടും സഖ്യം ചേരാതിരുന്ന മമതക്കെതിരെ സംസ്ഥാന കോൺഗ്രസിൽ ഉയരുന്ന എതിർപ്പിന്റെ പ്രതിഫലനമാണ് അധിർ രഞ്ജന്റെ കടുത്ത പ്രതികരണം. അധിറിനെ ബെർഹാംപൂരിൽ തോൽപിക്കാൻ മമതയും തൃണമൂലും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. സകല ശത്രുതയും മറന്ന് സി.പി.എമ്മിനൊപ്പം തോളോടുതോൾ ചേർന്ന് പ്രചാരണത്തിലാണ് ബംഗാളിലെ കോൺഗ്രസ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമടക്കമുള്ള മുതിർന്ന നേതാക്കളാരും ബംഗാളിൽ ഇൻഡ്യ സഖ്യത്തിനുവേണ്ടി പ്രചാരണത്തിനിറങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.