ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ കർഷക വിരുദ്ധമാണെന്നും അവകാശങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്ന കർഷകരെ ശത്രുക്കളായി കണക്കാക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എക്സിൽ ഹിന്ദിയിൽ ഷെയർ ചെയ്ത പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പരാമർശം. കർഷക നേതാക്കളായ സർവാൻ സിങ് പന്ദറും ജഗ്ജിത് സിങ് ദല്ലേവാളും ബുധനാഴ്ച ഡൽഹിയിൽ പ്രതിഷേധത്തിനായി രാജ്യത്തുടനീളമുള്ള കർഷകരോട് ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഖാർഗെ മോദിക്കെതിരെ ആഞ്ഞടിച്ചത്.
വിളകൾക്കുള്ള മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗാരണ്ടിയും കാർഷിക കടം എഴുതിത്തള്ളലും ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് മാർച്ച് 10ന് രാജ്യവ്യാപകമായി നാല് മണിക്കൂർ റെയിൽ റോക്കോ പ്രതിഷേധത്തിനും കർഷക നേതാക്കൾ ആഹ്വാനം നൽകി. നിലവിലെ സമരകേന്ദ്രങ്ങളിൽ കർഷകർ നടത്തുന്ന സമരം ശക്തമാക്കുമെന്നും തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നത് വരെ തുടരുമെന്നും കർഷക നേതാക്കൾ അറിയിച്ചു. തിരഞ്ഞെടുത്ത ചങ്ങാത്ത മുതലാളിത്ത സുഹൃത്തുക്കൾക്ക് നേട്ടമുണ്ടാക്കാൻ, മോദി സർക്കാർ കർഷകരുടെ താൽപ്പര്യങ്ങൾ തുടർച്ചയായി ത്യജിക്കുകയാണെന്ന് എക്‌സിൽ ഖാർഗെ ആരോപിച്ചു.
“രാജ്യത്തിന് ഭക്ഷണം നൽകുന്ന കർഷകൻ ബംബർ വിള ഉൽപ്പാദിപ്പിക്കാനും അത് കയറ്റുമതി ചെയ്യാനും ആഗ്രഹിക്കുമ്പോൾ മോദി സർക്കാർ ഗോതമ്പ്, അരി, പഞ്ചസാര, ഉള്ളി, പയർവർഗ്ഗങ്ങൾ മുതലായവയുടെ കയറ്റുമതി നിരോധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ്-യു.പി.എ ഭരണകാലത്ത് 153 ശതമാനം വർധിച്ച കാർഷിക കയറ്റുമതി ബി.ജെ.പിയുടെ ഭരണകാലത്ത് 64 ശതമാനം മാത്രമാണ് വർധിച്ചതെന്നും ഖാർഗെ പറഞ്ഞു. അതിനിടെ, ദില്ലി ചലോ മാർച്ച് സുരക്ഷാ സേന തടഞ്ഞതിനെ തുടർന്ന് പ്രതിഷേധിക്കുന്ന കർഷകർ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിർത്തി പോയിൻ്റുകളിൽ തങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.