‘മഹുവ പോരാട്ടം വിജയിക്കും’; ലോക്സഭയിൽനിന്ന് തൃണമൂൽ എം.പിയെ പുറത്താക്കിയതിൽ മമത

ന്യൂഡൽഹി: ചോദ്യക്കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്ന് പുറത്താക്കിയതിനെ അപലപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഭാരതീയ ജനതാ പാർട്ടിയുടെ (ബി.ജെ.പി) പ്രതികാര രാഷ്ട്രീയത്തിന്‍റെ നിർലജ്ജമായ നടപടിയാണിതെന്നും അവർ പറഞ്ഞു.

മൊയ്ത്രക്കെതിരായ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ട് ലോക്സഭ അംഗീകരിച്ചതിനു പിന്നാലെയാണ് എം.പി സ്ഥാനം നഷ്ടമായത്. മഹുവയെ പുറത്താക്കാൻ സഭക്ക് അധികാരമില്ലെന്ന് തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് എം.പിമാർ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. വോട്ടിങ് നടന്നത് പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലായിരുന്നു. പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

‘ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയമാണിത്. അവർ ജനാധിപത്യത്തെ കശാപ്പ് ചെയ്തു. ഇത് അനീതിയാണ്. പോരാട്ടത്തിൽ മഹുവ വിജയിക്കും. ബി.ജെ.പിക്ക് ജനം തക്ക മറുപടി നൽകും. അടുത്ത തെരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടും’ -മമത പറഞ്ഞു. പാർലമെന്‍ററി ജനാധിപത്യത്തിന് ഇത് വലിയ നാണക്കേടാണ്. മഹുവയെ പുറത്താക്കിയ നടപടിയെ ഞങ്ങൾ അപലപിക്കുന്നു. പാർട്ടി അവർക്കൊപ്പമാണ്. തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഞങ്ങളെ പരാജയപ്പെടുത്താനാകില്ല. അതുകൊണ്ട് അവർ പ്രതികാരം രാഷ്ട്രീയം കളിക്കുകയാണ്. ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തെ വഞ്ചിക്കുകയാണെന്നും ദുഃഖകരമായ ദിനമാണിതെന്നും മമത വ്യക്തമാക്കി.

ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള അവസരം ഭരണകക്ഷി മഹുവക്ക് നിഷേധിച്ചു. അവർ വലിയ വിജയത്തോടെ പാർലമെന്റിൽ മടങ്ങിയെത്തും. തങ്ങൾക്ക് മൃഗീയ ഭൂരിപക്ഷമുള്ളതിനാൽ പാർട്ടിക്ക് എന്തും ചെയ്യാമെന്നാണ് ബി.ജെ.പി കരുതുന്നത്. അധികാരത്തിനു പുറത്തിരിക്കുന്ന ഒരു ദിവസം വരുമെന്ന് അവർ ഓർക്കണമെന്നും തൃണമൂൽ അധ്യക്ഷ കൂടിയായ മമമ കൂട്ടിച്ചേർത്തു.

എത്തിക്സ് കമ്മിറ്റി എല്ലാ നിയമങ്ങളും ലംഘിച്ചെന്ന് പാർലമെന്റിൽനിന്ന് പുറത്തിറങ്ങിയ ശേഷം മഹുവ പ്രതികരിച്ചു. പുറത്താക്കിയതിലൂടെ തന്‍റെ നാവടക്കാനാവില്ലെന്നും നരേന്ദ്ര മോദിക്കെതിരെ ഇനിയും പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞു. പുറത്താക്കാന്‍ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്നും അവര്‍ തുറന്നടിച്ചു. മഹുവയെ പുറത്താക്കണമെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നുമാണ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൽ ഉന്നയിച്ചിരുന്നത്.

Tags:    
News Summary - Mamata Banerjee Condemns Trinamool MP's Expulsion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.