കൊൽക്കത്ത: മറ്റു പിന്നാക്ക വിഭാഗത്തിൽ നിന്നും ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുമുള്ള കുട്ടികൾക്ക് എട്ടാം ക്ലാസ് വരെ നൽകിയിരുന്ന പഠന സ്കോളർഷിപ്പ് കേന്ദ്രം നിർത്തലാക്കിയതിനെതിരെ മമതാ ബാനർജി രംഗത്ത്. ഈ കുട്ടികൾക്കായി മേധശ്രീ എന്ന സംസ്ഥാന സ്കോളർഷിപ്പ് സ്കീം ആരഒഭിച്ചിട്ടുണ്ടെന്നും മമത പറഞ്ഞു.
എന്തുകൊണ്ട് ഒ.ബി.സി വിഭാഗത്തിന് സ്കോളർഷിപ്പ് കിട്ടുന്നില്ല? വിഷമിക്കേണ്ട, സംസ്ഥാന സർക്കാർ മാസം 800 രൂപ ഒ.ബി.സി സ്കോളർഷിപ്പ് നൽകും. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള കുട്ടികൾക്കും ഈ സ്കോളർഷിപ്പിന് അവകാശമുണ്ട് - മമതാ ബാനർജി വ്യക്തമാക്കി.
കൂടാതെ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ഫണ്ട് നൽകുന്നത് കേന്ദ്ര സർക്കാർ നിർത്തലാക്കിയതിനെയും മമത വിമർശിച്ചു. 100 തൊഴിൽ ദിനങ്ങൾ പദ്ധതിക്ക് കീഴിൽ പണിയെടുത്തവർക്ക് കൂലി നൽകിയിട്ടില്ല. 40 ലക്ഷം തൊഴിൽകാർഡുടമകൾക്ക് വേണ്ടി 100 ദശലക്ഷം തൊഴിൽ ദിനങ്ങൾ സംസ്ഥാനസർക്കാർ സൃഷ്ടിച്ചുവെന്നും മമത പറഞ്ഞു.
കേന്ദ്ര പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ കേന്ദ്ര സർക്കാർ നിരവധി സംഘങ്ങളെ ബംഗാളിലേക്ക് നിയോഗിച്ചിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി പദ്ധതികളിൽ സംസ്ഥാനം അഴിമതി നടത്തിയെന്ന് കേന്ദ്രം ആരോപിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയാണ് സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്നും അതേകുറിച്ച് കൊൽക്കത്ത ഹൈകോടതിയിൽ ഹരജി നൽകിയിട്ടുണ്ടെന്നും ബംഗാളിലെ പഞ്ചായത്ത് നേതാക്കളുൾപ്പെടെ പ്രതികളാകുമെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.