ന്യൂഡൽഹി: ബി.ബി.സി ഓഫിസുകളിലെ ആദായനികുതി വകുപ്പിന്‍റെ പരിശോധന ബി.ജെ.പി സർക്കാറിന്‍റെ രാഷ്ട്രീയ പകപോക്കലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നടപടി മാധ്യമ സ്വാതന്ത്രത്തെ ബാധിച്ചുവെന്നും ഇന്ത്യയിൽ മാധ്യമങ്ങളില്ലാതാകുന്ന ഒരു ദിവസം വരുമെന്നും മമത പറഞ്ഞു.
ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫിസുകളിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ പരിശോധനക്കെത്തിയത്. 2002ലെ ഗുജറാത്ത് വംശഹത്യയിൽ മോദിയുടെ പങ്ക് ആരോപിച്ചുള്ള 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' വിവാദ ഡോക്യുമെന്‍ററി ബി.ബി.സി സംപ്രേഷണം ചെയ്തതിനെതിരെ ബി.ജെ.പി വൻ വിമർശനം ഉയർത്തിയ പശ്ചാത്തലത്തിലായിരുന്നു റെയ്ഡ്.
ബി.ബി.സി പരിശോധനയിൽ പ്രതിപക്ഷ കക്ഷികൾ വ്യാപക വിമർശനമാണുയർത്തിയത്. മാധ്യമ സ്വാതന്ത്ര്യത്തിനുനേരെ തുടർച്ചയായ ആക്രമണമാണ് നടക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വിമർശന സ്വരങ്ങൾ ഞെരിച്ചമർത്താൻ ശ്രമിക്കുന്നത് മാപ്പ് അർഹിക്കാത്ത കുറ്റമാണ്. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ആക്രമിക്കാൻ സർക്കാർ സ്ഥാപനങ്ങളെ ദുരുപയോഗിച്ചാൽ ഒരു ജനാധിപത്യത്തിനും നിലനിൽപില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ബി.സി റെയ്ഡിനെ പരിതാപകരമായ സെൽഫ് ഗോൾ എന്നാണ് കോൺഗ്രസ് നേതാവ് ശശി തരൂർ വിശേഷിപ്പിച്ചത്. ബി.ബി.സി ഡോക്യുമെന്‍ററിയോടുള്ള പ്രതികാരമായും മാധ്യമസ്വാതന്ത്ര്യം ഞെരുക്കാനുള്ള ബി.ജെ.പി സർക്കാറിന്റെ നീക്കമായും ലോകം ഇതിനെ കാണുമെന്നും തരൂർ ചൂണ്ടിക്കാട്ടി.
മോദി ക്വസ്റ്റ്യൻ ഡോക്യുമെന്‍ററി സംപ്രേഷണം ചെയ്ത ചാനലിനെ പീഡിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി.പി.എം ചൂണ്ടിക്കാട്ടി. കേന്ദ്ര ഏജൻസികളെക്കൊണ്ട് റെയ്ഡ് നടത്തിയും മറ്റും ഇന്ത്യൻ മാധ്യമങ്ങളെ ദ്രോഹിക്കുന്നത് മോദി സർക്കാറിന്‍റെ പതിവു തന്ത്രമാണ്. അതിപ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ മാധ്യമ സ്ഥാപനത്തിനു നേരെയുമായി. വിമർശിക്കുന്ന മാധ്യമങ്ങളെ ഒതുക്കുന്ന സ്വേച്ഛാധിപത്യ രീതി മോദിസർക്കാറിന്‍റെ പ്രതിച്ഛായ കൂടുതൽ മോശമാക്കുമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.