അമിത് ഷാ വിളിച്ച ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ പ​ങ്കെടുക്കാതെ മമത ബാനർജി

കൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അമിത് ഷാ വിളിച്ചുചേർത്ത സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ പ​ങ്കെടുക്കാതെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അമിത് ഷാ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നു എന്ന രൂക്ഷമായ പ്രതികരണവും മമത ഉയർത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച രണ്ട് ദിവസത്തെ സെഷനിൽ നിന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിട്ടുനിന്നത്. ഹരിയാനയിലെ സൂരജ്കുണ്ഡിൽ ആരംഭിച്ച എല്ലാ സംസ്ഥാനങ്ങളിലെയും ആഭ്യന്തര മന്ത്രിമാരുടെ ദ്വിദിന സമ്മേളനം പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വീഡിയോ കോൺഫറൻസിലൂടെ യോഗത്തെ അഭിസംബോധന ചെയ്യും.

പശ്ചിമ ബംഗാളിലെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഹോം ഗാർഡ്) നീരജ് കുമാർ സിംഗ്, പശ്ചിമ ബംഗാൾ റസിഡന്റ് കമ്മീഷണർ രാം ദാസ് മീണ എന്നിവർ യോഗത്തിൽ ബംഗാളിനെ പ്രതിനിധീകരിച്ച് പ​ങ്കെടുക്കുന്നുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാന സർക്കാരുകളുടെ അധികാരം കവർന്നെടുക്കുകയും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണകക്ഷികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുവെന്ന് ബംഗാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നിരന്തരം തെളിവുകൾ നിരത്തുന്നുണ്ട്. നിരവധി വിഷയങ്ങളിൽ തൃണമൂൽ അമിത് ഷായുമായി തർക്കത്തിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ രൂക്ഷമായ വിമർശനമാണ് മമത ഉന്നയിക്കുന്നത്.

"ഇത് ഉത്സവകാലമാണ്. നിരവധി ചടങ്ങുകൾ നടക്കുന്നു. ഛത് പൂജയും ഉടൻ നടക്കും. മുഖ്യമന്ത്രിക്ക് സംസ്ഥാനം വിടാൻ കഴിയില്ല. നമ്മുടെ ആഭ്യന്തര സെക്രട്ടറിയും ഡി.ജി.പിയും ഇതേ കാരണത്താൽ യോഗത്തിൽ പങ്കെടുക്കില്ല" -ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

Tags:    
News Summary - Mamata Banerjee Skips Meeting Chaired By Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.