കൊൽക്കത്ത: ഭരണം പിടിക്കാൻ ബി.ജെ.പി അരയും തലയും മുറുക്കി രംഗത്തുള്ള പശ്ചിമ ബംഗാളിൽ ഭരണത്തുടർച്ചക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനർജി. 291 സ്ഥാനാർഥികളുടെ പട്ടികക്ക് അന്തിമ അംഗീകാരം നൽകാൻ മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന പാർട്ടി യോഗത്തിനു ശേഷമാണ് സ്വന്തം സീറ്റായ ഭൊവാനിപൂർ വിട്ട് ഇത്തവണ നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് മമത അറിയിച്ചത്. തൃണമൂൽ വിട്ട് ബി.ജെ.പിയിലേക്ക് പോയ സുവേന്ദു അധികാരിയുടെ കോട്ടയായി അറിയപ്പെടുന്ന നന്ദിഗ്രാം എന്തുവില കൊടുത്തും പിടിക്കാനാണ് സ്വന്തമായി ആ മണ്ഡലത്തിൽ വോട്ടുതേടി മമത തന്നെ ഇറങ്ങുന്നത്.
മമതയുടെ സീറ്റായ ഭൊവാനിപൂരിൽ തൃണമൂൽ പ്രതിനിധിയായി സുവൻദേബ് ചട്ടോബാധ്യായ ആകും ഇത്തവണ ജനവിധി തേടുക. 291 സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച മമത പ്രായം 80 പിന്നിട്ട ആരും ഇത്തവണ തൃണമൂൽ ബാനറിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായി 20ലേറെ നിലവിലെ എം.എൽ.എമാരെ പാർട്ടി മാറ്റിനിർത്തിയിട്ടുണ്ട്.
50 വനിതകളെയും 42 മുസ്ലിംകളെയും 79 പട്ടിക ജാതിക്കാരെയും 17 പട്ടിക വർഗക്കാരെയുമാണ് തൃണമൂൽ അണിനിരത്തിയിരിക്കുന്നത്.
നടിമാരായ സായന്തിക ബാനർജി, കൗശാനി മുഖർജി, ലവ്ലി മെയ്ത്ര, സായോനി ഘോഷ്, നടൻ ചിരൻജിത്ത് ചക്രവർത്തി, സംവിധായകൻ രാജ് ചക്രവർത്തി, പ്രഫ. ഓംപ്രകാശ് മിശ്ര, ക്രിക്കറ്റ് താരം മനോജ് തിവാരി തുടങ്ങിയവർ തൃണമൂൽ ബാനറിൽ മത്സരിക്കുന്നവരിൽ പെടും.
അതേ സമയം, നന്ദിഗ്രാമിൽ മമതക്കെതിരെ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാൻ സുവേന്ദു അധികാരി നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. മുൻ മന്ത്രിയും സുവേന്ദുവിന് ബി.ജെ.പിയിൽ കൂട്ടാളിയുമായ റജീബ് ബാനർജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാഴ്ച മുമ്പ് മമതയെ നന്ദിഗ്രാമിൽ മത്സരിക്കാൻ ബി.ജെ.പി നേതൃത്വവും വെല്ലുവിളിച്ചു. വെല്ലുവിളി ഏറ്റെടുത്ത മമത ഭൊവാനിപൂർ വിടുമോ എന്നായിരുന്നു രാഷ്ട്രീയ ലോകത്തെ ആശങ്ക.
മാർച്ച് 27നാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് ആരംഭിക്കുക. എട്ടു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ മേയ് രണ്ടിന് അറിയും.
കൊൽക്കത്ത: വർഷങ്ങളായി അധികാരത്തിൽനിന്ന് ഏറെ അകലെയായ ഇടതുപാർട്ടികളും കോൺഗ്രസും നിലനിൽപ്പിനായി രൂപവത്കരിച്ച സംയുക്ത മോർച്ചയുടെ സീറ്റ് വിഭജനം പൂർത്തിയായി. ഇടതു പാർട്ടികൾ 165 സീറ്റിലും കോൺഗ്രസ് 92 ലും ഫുർഫുറ ശരീഫ് പ്രസ്ഥാനത്തിെൻറ മുൻകൈയിൽ പുതുതായി രൂപവത്കരിച്ച ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐ.എസ്.എഫ്) 37ലും മത്സരിക്കാനാണ് ധാരണ.
സീറ്റ് വീതംവെക്കുന്നതിലെ തർക്കം മൂലം രൂപവത്കരണഘട്ടത്തിൽതന്നെ സഖ്യം തകരുമെന്ന ഘട്ടത്തിൽ ഇടതു മുന്നണി ചെയർമാൻ ബിമൻ ബോസ് മുൻകൈയെടുത്താണ് ഏവർക്കും തൃപ്തികരമായ രീതിയിൽ വിഭജനം സാധ്യമാക്കിയത്.
പി.സി.സി അധ്യക്ഷൻ അധിർ ചൗധരിയുമായി ചർച്ചനടത്തിയ ബിമൻ ബോസ് ആദ്യ രണ്ട് ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളിലെ സ്ഥാനാർഥി പട്ടിക ഉടൻ പുറത്തിറക്കുമെന്നും അറിയിച്ചു. ഇടതു സ്ഥാനാർഥികൾക്ക് സംസ്ഥാനത്തുടനീളം പിന്തുണ നൽകുെമന്ന് റാലിയിൽ പ്രസംഗിച്ച ഐ.എസ്.എഫ് സ്ഥാപകൻ അബ്ബാസ് സിദ്ദീഖി തുല്യമായ പങ്കുവെപ്പില്ലാതെ ആരുമായും സഹകരിക്കില്ല എന്നാണ് വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.