കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി വെള്ളിയാഴ്ച നാമനിർദേശ പത്രിക നൽകും. ഭവാനിപൂർ മണ്ഡലത്തിൽനിന്നാണ് മമത ജനവിധി തേടുക. തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട് നന്ദിഗ്രാമിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് മമത വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്.
സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ നിന്ന് രണ്ടുതവണ നിയമസഭയിലെത്തിയ മമത മാർച്ച് -ഏപ്രിൽ മാസങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിലേക്ക് ചുവടുമാറ്റുകയായിരുന്നു. സംസ്ഥാനത്ത് പാർട്ടി വൻവിജയം നേടിയെങ്കിലും മമത പരാജയപ്പെട്ടു. തുടർന്ന് ഭവാനിപൂർ എം.എൽ.എ സ്ഥാനം ശോഭന്ദേബ് ചാത്തോപാധ്യായ ഒഴിയുകയും മമതക്കായി മത്സരിക്കാൻ അവസരം ഒരുക്കുകയുമായിരുന്നു. നിയമസഭയിൽ അംഗമല്ലാത്തൊരാൾ മന്ത്രിസ്ഥാനത്തെത്തിയാൽ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ചട്ടം.
സെപ്റ്റംബർ 30നാണ് നിയമസഭ ഉപതെരഞ്ഞെടുപ്പ്. ബംഗാളിലെ മൂന്ന് മണ്ഡലങ്ങളിലാണ് 30ന് ഉപതെരഞ്ഞെടുപ്പ് നടക്കുക.
മമതക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തില്ലെന്നാണ് വിവരം. അതേസമയം ഭവാനിപൂരിൽ ആരു മത്സരിക്കുമെന്ന കാര്യം ബി.ജെ.പി തീരുമാനിച്ചിട്ടില്ല. സുവേന്ദു അധികാരി തന്നെ മമതക്കെതിരെ ഭവാനിപൂരിൽ മത്സരിക്കണമെന്ന ആവശ്യങ്ങളും ഉയർന്നുവന്നിരുന്നു. എന്നാൽ, ഉപതെരഞ്ഞെടുപ്പുകൾ ഭരണകക്ഷിക്ക് അനുകൂലമാകുന്നതും ഭവാനിപൂരിൽ മമതയുടെ മേൽക്കെയും സുവേന്ദുവിനെ മത്സരിപ്പിക്കാൻ ബി.ജെ.പി തീരുമാനിക്കില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.