കൊൽക്കത്ത: മുൻ വലംകൈയും ഇപ്പോൾ രാഷ്ട്രീയ എതിരാളിയുമായ സുവേന്ദു അധികാരിയെ നേരിടാൻ പുതിയ തന്ത്രങ്ങളുമായി തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. 43 അംഗ മന്ത്രിസഭയിൽ ആറു മന്ത്രിമാരുടെ പ്രാതിനിധ്യമാണ് സുവേന്ദുവിന് സ്വാധീനമുള്ള കിഴക്കൻ മേധിൻപൂരും പടിഞ്ഞാറൻ മേധിൻപൂരും ഉൾപ്പെടുന്ന മേഖലക്ക് മമത നൽകിയത്. സോമൻ മഹാപാത്ര, മനാസ് ഭുയിയാൻ, അഖിൽ ഗിരി, ഹുമയൂൻ കബീർ, ഷൂലി സാഹ, ശ്രീകാന്ത് മഹാതോ എന്നിവരെയാണ് മന്ത്രിസഭയിൽ അംഗങ്ങളാക്കിയത്.
സുവേന്ദു അധികാരിയുടെ ശക്തമായ പ്രവർത്തനം വഴി 2006ൽ മുതൽ തൃണമൂൽ കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള ജില്ലയായി കിഴക്കൻ മേധിൻപൂരിനെ മാറ്റിയിരുന്നു. ഇത് നന്ദിഗ്രാം സമരത്തിൽ മമത ബാനർജിക്ക് വലിയ ഗുണം ചെയ്തിരുന്നു. കൂടാതെ, തെരഞ്ഞെടുപ്പുകളിൽ രണ്ട് മേധിൻപൂർ ജില്ലകളിൽ നിന്ന് സീറ്റ് എണ്ണം വർധിപ്പിക്കാനും തൃണമൂലിന് സാധിച്ചു.
2020 ഡിസംബറിൽ തൃണമൂൽ ബന്ധം അവസാനിപ്പിച്ച സുവേന്ദു അധികാരി ബി.ജെ.പിയുടെ ഭാഗമായി. നിയമസഭ തെരഞ്ഞെടുപ്പിൽ സുവേന്ദുവിന്‍റെ ശക്തി കേന്ദ്രമായ കിഴക്കൻ മേധിൻപൂർ ജില്ലയിൽ നിന്നും മുഴുവൻ സീറ്റും പടിഞ്ഞാറൻ മേധിൻപൂരിൽ നിന്നും ഭൂരിപക്ഷം സീറ്റും പിടിച്ച് മമതയെ നേരിടാമെന്ന നീക്കത്തിലായിരുന്നു ബി.ജെ.പി.
എന്നാൽ, വോട്ടെണ്ണലിന് പിന്നാലെ കണക്കൂകൂട്ടൽ തെറ്റിച്ച ഫലമാണ് ബി.ജെ.പിക്ക് രണ്ട് മേധിൻപൂർ ജില്ലകളും സമ്മാനിച്ചത്. പടിഞ്ഞാറൻ മേധിൻപൂർ ജില്ലയിലെ 15 നിയമസഭ സീറ്റിൽ 13ഉം കിഴക്കൻ മേധിൻപൂരിലെ 16ൽ ഒമ്പത് സീറ്റുകളും മമതയുടെ തൃണമൂൽ പിടിച്ചു. എന്നാൽ, നന്ദിഗ്രാമിൽ സുവേന്ദു അധികാരിയെ മുന്നിൽനിർത്തി മമതയെ പരാജയപ്പെടുത്താൻ സാധിച്ചെന്ന ആശ്വാസം മാത്രമാണ് ബി.ജെ.പിക്കുള്ളത്.
ഇതിന് മറുപടിയായാണ് മമതയെ തോല്‍പ്പിച്ച സുവേന്ദു അധികാരിയെ ബംഗാൾ പ്രതിപക്ഷ നേതാവാക്കിയുള്ള ബി.ജെ.പിയുടെ പുതിയ നീക്കം. മുതിർന്ന നേതാക്കളായ മുകൾ റോയി അടക്കമുള്ളവർ ഉണ്ടെന്നിരിക്കെ സുവേന്ദുവിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത് വഴി മമതയോടും മൂന്നാം തൃണമൂൽ സർക്കാറിനോടും നേരിട്ട് ഏറ്റുമുട്ടാമെന്നാണ് ബി.ജെ.പി വിലയിരുത്തൽ.
സുവേന്ദുവിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമില്‍ മത്സരത്തിനിറങ്ങിയ മമത ബാനര്‍ജി 1956 വോട്ടുകള്‍ക്കാണ് തോറ്റത്. 294 അംഗ നിയമസഭയിൽ തൃണമൂൽ കോൺഗ്രസിന് 213 സീറ്റുകൾ നേടിയാണ് മൂന്നാം തവണ മമത ബാനര്‍ജി ബംഗാള്‍ മുഖ്യമന്ത്രിയാകുന്നത്. ബി.ജെ.പിക്ക് 77 സീറ്റുകളാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.