കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ടോള്‍ പ്ളാസകളില്‍ സൈന്യത്തെ വിന്യസിച്ചതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം. സര്‍ക്കാറിനെ അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാരോപിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പകലും സെക്രട്ടേറിയറ്റിലെ ഓഫിസില്‍തന്നെ കഴിഞ്ഞു. ഹൂഗ്ളി ജില്ലയിലെ ദാങ്കുനിയിലാണ് സൈന്യം വാഹനങ്ങള്‍ പരിശോധിക്കുന്നത് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. മുര്‍ഷിദാബാദ്, ജല്‍പൈഗുരി, ഡാര്‍ജീലിങ്, നോര്‍ത് 24 പര്‍ഗാന, ബര്‍ധമാന്‍, ഹൗറ തുടങ്ങിയ ജില്ലകളില്‍ സൈന്യത്തെ നിയോഗിച്ചിട്ടുണ്ടെന്ന് മമത ആരോപിച്ചു.
സെക്രട്ടേറിയറ്റിന് 500 മീറ്റര്‍ അകലെയുള്ള ഹൂഗ്ളി ബ്രിഡ്ജ് ടോള്‍ ബൂത്തിലും സൈന്യം പരിശോധന നടത്തി. സംസ്ഥാന സര്‍ക്കാറിനെ അറിയിക്കാതെയാണ് സൈന്യത്തെ നിയോഗിച്ചതെന്നും ഇത്തരത്തില്‍ ഒരു സംഭവം മുമ്പ് ഉണ്ടായിട്ടില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ആരോപണം സൈന്യം നിഷേധിച്ചു. ദേശീയപാതയിലൂടെ കടന്നുപോകുന്ന ഭാരവണ്ടികളുടെ കണക്കെടുക്കാനാണ് പരിശോധന നടത്തിയതെന്നാണ് സൈന്യത്തിന്‍െറ വിശദീകരണം.
വിവാദമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 11ഓടെ സെക്രട്ടേറിയറ്റിനു സമീപത്തെ ടോള്‍ പ്ളാസയില്‍നിന്ന് സൈന്യം പിന്‍വാങ്ങിയിരുന്നു. ടോള്‍ ബൂത്തിനു സമീപം കെട്ടിയുയര്‍ത്തിയ താല്‍ക്കാലിക ഷെഡും സൈന്യം നീക്കി. എന്നാല്‍, സെക്രട്ടേറിയറ്റ് വിട്ടുപോകാന്‍ മമത തയാറായില്ല. സെക്രട്ടേറിയറ്റിന് സമീപത്തുനിന്ന് മാറിയെങ്കിലും മറ്റ് 18 ജില്ലകളില്‍ ഇപ്പോഴും സൈന്യമുണ്ടെന്നും രാത്രി എന്താണ് സംഭവിക്കുകയെന്ന് പറയാനാകില്ളെന്നും മമത അര്‍ധരാത്രി ട്വീറ്റ് ചെയ്തു. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ സെക്രട്ടേറിയറ്റില്‍തന്നെ തങ്ങുമെന്നും അവര്‍ പറഞ്ഞു.
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ തീരുമാനത്തെ എതിര്‍ത്തതിന്‍െറ പേരില്‍ രാഷ്ട്രീയ പകപോക്കലിനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മമത കുറ്റപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളോട് അന്വേഷിച്ചുവെന്നും ഇത്തരത്തിലൊന്ന് നടന്നിട്ടില്ളെന്നാണ് മഹാരാഷ്ട്ര, കേരളം, ഒഡിഷ, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ അറിയിച്ചതെന്നും മമത പറഞ്ഞു. അവര്‍ എന്നെ വെടിവെച്ചേക്കും. ജീവിച്ചാലും മരിച്ചാലും സാധാരണ ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുമെന്നും മമത പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.