ടൊറന്റോ: 329 പേർ കൊല്ലപ്പെട്ട 1985ലെ എയർ ഇന്ത്യ കനിഷ്ക വിമാന ബോംബ്സ്ഫോടന കേസിൽ കുറ്റമുക്തനാക്കപ്പെട്ട സിഖുകാരൻ കാനഡയിൽ വെടിയേറ്റ് മരിച്ചു. 75കാരനായ റിപു ദമൻ സിങ് മാലിക് ആണ് ബ്രിട്ടീഷ് കൊളംബിയയിലെ സർറേയിൽ കാറിൽ സഞ്ചരിക്കുമ്പോൾ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ ഒമ്പതരക്കാണ് സംഭവം.
ചുവന്ന ടെസ്‍ല കാറിൽ പോവുകയായിരുന്ന മാലികിന് നേരെ മൂന്ന് പ്രാവശ്യം വെടിയൊച്ച മുഴങ്ങിയെന്ന് ദൃക്സാക്ഷി കനേഡിയൻ മൗണ്ടഡ് പൊലീസിനോട് (ആർ.സി.എം.പി) പറഞ്ഞു. കഴുത്തിന് പിൻഭാഗത്ത് വെടിയേറ്റ മാലിക് സംഭവസ്ഥലത്തു തന്നെ മരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അക്രമികൾ വന്നതെന്ന് കരുതുന്ന വാഹനം അഗ്നിക്കിരയായതായി പൊലീസ് കണ്ടെത്തി. ആസൂത്രിത കൊലയാണെന്നാണ് പ്രാഥമിക നിഗമനം. മാലികിന്റെ മകൻ ജസ്പ്രീത് മാലിക് ആണ് പിതാവിന്റെ മരണം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മാലികിനൊപ്പം അജയ് സിങ് ബാഗ്രി എന്നയാളേയും 2005ൽ കേസിൽ കുറ്റമുക്തനാക്കിയിരുന്നു.
1985 ജൂൺ 23നാണ് ലോകത്തെ നടുക്കിയ കനിഷ്ക ദുരന്തം. 268 കാനഡ പൗരന്മാരും 24 ഇന്ത്യക്കാരുമടക്കം 329 യാത്രക്കാരുണ്ടായിരുന്ന വിമാനം അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ 31,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് ബോംബ്സ്ഫോടനത്തിൽ തകർന്നത്. മുഴുവൻ യാത്രക്കാരും മരിച്ചു. വിമാനത്തിന് മുൻഭാഗത്തെ ചരക്ക് കയറ്റുന്ന ഭാഗത്തു വെച്ച ബോംബ് പൊട്ടിത്തെറിച്ചതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചത്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം കൂടിയായിരുന്നു ഇത്.
മാലിക് സിഖ് സിഖ് സമുദായത്തിന്റെ നായകനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ സി.ബി.സി ചാനലിനോട് പറഞ്ഞു. വിവാദ വ്യക്തിയായിരുന്നു മാലിക് എന്ന് ബ്രിട്ടീഷ് കൊളംബിയ മുൻ ഭരണത്തലവനായ ഉജ്ജ്വൽ ദൊസാഞ്ജ് പറഞ്ഞു. അടുത്തിടെ ഇന്ത്യ സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികൾക്ക് പിന്തുണ അറിയിച്ച് മാലിക് കത്തെഴുതിയത് സിഖ് സമുദായത്തിൽ പ്രതികൂല പ്രതിഫലനമുണ്ടാക്കിയിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. കാനഡയിൽ ഖൽസ സ്കൂൾ ചെയർമാനായിരുന്ന മാലിക് സർറെ, വാൻകൂവർ എന്നിവിടങ്ങളിൽ രണ്ട് സ്വകാര്യ സ്കൂളുകൾ നടത്തിയിരുന്നു. 16,000ത്തോളം അംഗങ്ങളുള്ള വാൻകൂവർ ആസ്ഥാനമായ ഖൽസ ക്രെഡിറ്റ് യൂനിയൻ പ്രസിഡന്റുമായിരുന്നു. ഭാര്യ, അഞ്ച് മക്കൾ, നാല് മരുമക്കൾ, എട്ട് പേരക്കുട്ടികൾ എന്നിവരാണ് കുടുംബാംഗങ്ങൾ. വിമാനത്തിൽവെച്ച ബോംബുണ്ടാക്കാൻ സഹായിച്ച ഇന്ദർജിത് സിങ് റിയാത് മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 30 വർഷം ജയിൽ ശിക്ഷ അനുഭവിച്ച റിയാത് 2016ൽ മോചിതനായി. സുവർണ ക്ഷേത്രത്തിൽ ഇന്ത്യൻ സൈന്യം കടന്നു കയറി ഭീകരരെ തുരത്തിയതിന്റെ പ്രതികാരമായി ഖലിസ്ഥാൻ ഭീകരരാണ് വിമാനത്തിൽ ബോംബ്‍ വെച്ചതായി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.