സാനിയ ഷെയ്ഖും ഭർത്താവ് ആസിഫും

സാനിയയെ തലയറുത്തുകൊന്ന സംഭവം: ഭർത്താവി​ന്റെ സഹോദരനും അറസ്റ്റിൽ; തലയറ്റ മൃതശരീരം സ്യൂട്ട്കേസിലാക്കിയത് ഇയാൾ

മുംബൈ: 23 കാരിയായ സാനിയ ഷെയ്ഖി​ന്റെ തലയറുത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഭുയിഗാവിലെ കടൽക്കരയിൽ തലയറുത്ത നിലയിൽ യുവതിയുടെ മൃതദേഹം കണ്ടത്. സാനിയയുടെ ഭർത്താവ് ആസിഫ് ഷെയ്ഖിനെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്ന് അറസ്റ്റ് ചെയ്തിരുന്നു.

ആസിഫിന്റെ സഹോദരൻ യൂസുഫ് ഷെയ്ഖിനെയാണ് വസായ് പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഭാര്യയെ കൊലപ്പെടുത്തുന്നതിന് ആസിഫിനെ സഹായിച്ചുവെന്ന് കണ്ടെത്തിയതോടെയാണ് ഇയാളെയും അറസ്റ്റ് ചെയ്തത്. തെളിവു നശിപ്പിക്കാൻ യൂസുഫ് കൂട്ടുനിന്നതായും പൊലീസ് പറഞ്ഞു.

'സാനിയയുടെ തലയറ്റ മൃതശരീരം സ്യൂട്ട്കേസിലാക്കിയത് യൂസുഫാണ്. മൃതദേഹം കടലിൽ തള്ളാൻ തന്റെ ടൂറിസ്റ്റ് വാഹനത്തിൽ കൊണ്ടുപോയതും ഇയാളാണ്. അറുത്തു മാറ്റിയ തല എവിടെയാണ് കൊണ്ടിട്ടതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഞങ്ങൾ' -വസായ് പൊലീസ് സ്റ്റേഷനിലെ ഇൻസ്‍പെക്ടർ കല്യാൺ കാർപെ പറഞ്ഞു.

കഴിഞ്ഞ കാലങ്ങളിൽ കണ്ടെത്തിയ തലയോട്ടികൾ ഉൾപെടെ ഇതിനായി പരിശോധനക്ക് വിധേയമാക്കും. ഈ വർഷം ജനുവരിയിൽ ബേന ബീച്ചിൽനിന്ന് കണ്ടെടുത്ത തലയോട്ടിയും എല്ലുകളും പൊലീസ് പരിശോധനക്കയച്ചിട്ടുണ്ട്.

 

അറസ്റ്റിലായ യൂസുഫ് ഷെയ്ഖ് വസായ് പൊലീസ് സ്റ്റേഷനിൽ      Pic Courtesy: Hanif Patel

ബക്രീദിനോടനുബന്ധിച്ചാണ് കഴിഞ്ഞ വർഷം ജൂലൈയിൽ ആസിഫ് ഭാര്യയെ കൊലപ്പെടുത്തിയത്. 2017ൽ വിവാഹിതരായ ദമ്പതികൾ മകൾക്കൊപ്പം നല​സോപുര വെസ്റ്റിലെ അപാർട്മെന്റിലായിരുന്നു താമസം. ആസിഫിന്റെ മാതാപിതാക്കളും സഹോദരനും ഇവർ​ക്കൊപ്പമായിരുന്നു കഴിഞ്ഞുവന്നത്.

വിവാഹശേഷം ആസിഫി​ന്റെ കുടുംബം സാനിയയെ ഉപദ്രവിക്കാനും പണവും സ്വത്തും ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിക്കാനും തുടങ്ങിയതായി യുവതിയുടെ അമ്മാവൻ സഹൂർ മൊകാഷി പറഞ്ഞു. 2021 ജൂലൈ എട്ടിനാണ് സാനിയയുടെ കുടുംബം അവസാനമായി അവളോട് സംസാരിച്ചത്. പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഇ​തോടെ, സഹൂർ ഉൾപെടെ ചില ബന്ധുക്കൾ മുംബൈയിൽ അന്വേഷിച്ചെത്തി.

നലസോപുരയിലെ ഫ്ലാറ്റ് വിറ്റ് അവർ ചെമ്പൂരിലേക്ക് താമസം മാറിയതായാണ് അറിയാൻ കഴിഞ്ഞത്. തുടർന്ന് സാനിയയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. തലയറ്റ മൃതദേഹം കണ്ടെത്തിയതിനൊടുവിൽ ഡി.എൻ.എ പരിശോധനകളുടെ ഫലമായി അത് സാനിയയുടേതാണെന്ന് തെളിയുകയായിരുന്നു. ഇതുമായി ബന്ധ​പ്പെട്ട അന്വേഷണത്തിനൊടുവിലാണ് ആസിഫ് അറസ്റ്റിലായത്.

Tags:    
News Summary - Man held for helping brother kill wife, dump headless body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.