ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ വേട്ടക്കിടെ അബദ്ധത്തിൽ വെടിയേറ്റ് സുഹൃത്ത് മരിച്ച കുറ്റബോധത്തിൽ മൂന്ന് സുഹൃത്തുക്കൾ ആത്മഹത്യ ചെയ്തു. ഉത്തരാഖണ്ഡ് ടെഹ്രി ജില്ലയിൽ കുണ്ഡി ഗ്രാമത്തിലാണ് സംഭവം.
ശനിയാഴ്ച രാത്രിയാണ് സുഹൃത്തുക്കളായ ഏഴുപേർകൂടി വനത്തിൽ വേട്ടക്കുപോയത്. 22കാരനായ രാജീവിന്‍റെ കൈയിലായിരുന്നു തോക്ക്. നടക്കുന്നതിനിടെ വഴുതി വീണതോടെ രാജീവിന്‍റെ തോളിലുണ്ടായിരുന്ന തോക്കിന്‍റെ കാഞ്ചി വലിയുകയും സന്തോഷിന് വെടിയേൽക്കുകയുമായിരുന്നു. വെടിയേറ്റയുടൻ സന്തോഷ് മരിച്ചു. ഇതോടെ രാജീവ് തോക്കുമായി ഓടി രക്ഷപ്പെട്ടു.
എന്നാൽ സംഭവത്തിൽ വിരണ്ടുപോയ സുഹൃത്തുക്കളായ സോബനും പങ്കജും അർജുനും വിഷം കഴിക്കുകയായിരുന്നു. ഉടൻ തന്നെ വനത്തിൽനിന്ന് മടങ്ങിയെത്തിയ രാഹുലും സുമിതും ഗ്രാമവാസികളോട് സംഭവം വിവരിച്ചു. തുടർന്ന് വിഷം കഴിച്ച മൂന്നുപേരെയും ഗ്രാമവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും പങ്കജും അർജുനും വഴിമധ്യേ മരിച്ചു. സോബൻ ചികിത്സക്കിടെയും മരിക്കുകയായിരുന്നു.
18നും 22നും ഇടയിൽ പ്രായമുള്ളവരാണ് എല്ലാവരും. സംഭവത്തിൽ നാണക്കേടും കുറ്റബോധവും കാരണമാകാം ആത്മഹത്യ ചെയ്തതെന്നും എസ്.ഡി.എം പി.ആർ ചൗഹാൻ പറഞ്ഞു. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടത്തുമെന്നും സംഭവത്തിന്‍റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും ജില്ല മജിസ്ട്രേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.