ലണ്ടൻ: പ്രിമിയർ ലീഗിൽ മറ്റൊരു ടീമിന്‍റെ ജയം സ്വന്തം കിരീടനേട്ടമാക്കി മാഞ്ചസ്റ്റർ സിറ്റി. ഓൾഡ് ട്രാേഫാഡിൽ യുനൈറ്റഡിനെതിരെ ലെസ്റ്റർ സിറ്റി ജയം നേടിയതോടെയാണ് കാത്തുകാത്തിരുന്ന കിരീടം അവസാനം ഗാർഡിയോളയും കുട്ടികളും മാറോടുചേർത്തത്. ലീഗിൽ മൂന്നു കളികൾ വീതം ബാക്കിനിൽക്കെ സിറ്റിയുമായി യുനൈറ്റഡിന് പോയിന്‍റ് അകലം 10 ആയി. യുനൈറ്റഡ് അടുത്ത മൂന്നുകളികൾ ജയിക്കുകയും സിറ്റി എല്ലാം തോൽക്കുകയും ചെയ്താൽ പോലും ഇനി പിടിക്കാനാകില്ലെന്നു വന്നതോടെയാണ് കിരീടം വീണ്ടും ഇത്തിഹാദ് മൈതാനത്തെത്തിയത്. നാലു സീസണിൽ ഇത് മൂന്നാം കിരീടമാണ് സിറ്റിക്ക്.
10ാം മിനിറ്റിൽ തോമസിലൂടെ ലെസ്റ്റർ ലീഡ് പിടിച്ച കളിയിൽ അഞ്ചു മിനിറ്റ് കഴിഞ്ഞ് ഗ്രീൻവുഡ് യുനൈറ്റഡിന് സമനില സമ്മാനിച്ചിരുന്നു. അങ്കം മുറുകിയ മൈതാനത്ത് വിജയം പ്രതീക്ഷിച്ച് യുനൈറ്റഡ് മുന്നേറ്റം തകൃതിയാക്കിയതിനിടെയാണ് സോയുൻകു സിറ്റിക്കായി 69ാം മിനിറ്റിൽ വിജയ ഗോൾ കുറിച്ചത്. ജയത്തോടെ സിറ്റിക്ക് അടുത്ത മൂന്നു കളികളിൽ നാലു പോയിന്‍റ് നേടാനായാൽ ആദ്യ നാലിൽ ഇടം ഉറപ്പാക്കാം. അതുവഴി ചാമ്പ്യൻസ് ലീഗ് യോഗ്യതയും. ശനിയാഴ്ച ചെൽസിക്കെതിരെ എഫ്.എ കപ്പ് ഫൈനൽ പോരാട്ടം ജയിക്കാനായാൽ ചരിത്രത്തിലാദ്യമായി ഈ കിരീടവും ക്ലബിലെത്തും.
മറുവശത്ത്, അഞ്ചു ദിവസങ്ങൾക്കിടെ മൂന്നു കളികളിൽ ബൂട്ടുകെട്ടാനുള്ളതിനാൽ നിരവധി മാറ്റങ്ങളുമായാണ് യുനൈറ്റഡ് ഇറങ്ങിയത്. ഇത് ടീമിന്‍റ പ്രകടനത്തെ ബാധിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.