എല്ലാം മാറ്റിമറിച്ച്​ െഫർഗുസന്‍റെ ആ വിളി; വീണ്ടും ചരിത്രമെഴുതുമോ 36 കാരന്‍റെ ഈ രണ്ടാമൂഴം

ന്യൂഡൽഹി: സ്​പെയിനിലും ഇറ്റലിയിലും വമ്പൻ ടീമുകൾക്കൊപ്പം ചെലവിട്ട നീണ്ട ഇടവേളക്കു ശേഷം പഴയ തട്ടകത്തിലേക്ക്​ മടക്കം രാജകീയമാക്കിയ ക്രിസ്റ്റ്യാനോയുടെ മനംമാറ്റുന്നതിൽ നിർണായകമായത്​ പഴയ പരിശീലകൻ​ സർ അലക്​സ്​ ഫെർഗുസന്‍റെ ആ ഫോൺ വിളി. മാഞ്ചസ്റ്റർ സിറ്റി മുതൽ റയൽ മഡ്രിഡ്​ വരെ പേരുകൾ പലത്​ സജീവമായി അന്തരീക്ഷത്തിൽ മുഴങ്ങുന്നതിനിടെയായിരുന്നു ചിത്രം മാറുന്നത്​. എന്തായിരിക്കും അവർ തമ്മിൽ സംസാരിച്ചിട്ടുണ്ടാകുക? ചൂടുപിടിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്​.

മെലിഞ്ഞുതെളിഞ്ഞ ശരീരമുള്ള 18 കാരൻ പയ്യൻ 2003ലാണ്​ കാലിൽ മന്ത്രജാലവും തലനിറയെ തന്ത്രങ്ങളുമായി ലിസ്​ബണിൽനിന്ന്​ മാഞ്ചസ്റ്ററിലേക്ക്​ വിമാനം കയറുന്നത്​. അന്നത്തെ പരിശീലകൻ അലക്​സ്​ ഫെർഗുസണു കീഴിൽ അതിവേഗമാണ്​ ​പുതിയ പോർച്ചുഗീസ്​ പോരാളി ലോകം ജയിക്കുന്നത്​. ആറു വർഷത്തിനിടെ ടീമിനൊപ്പം മൂന്നു പ്രിമിയർ ലീഗ്​ കിരീടങ്ങൾ. ആദ്യമായി ലോകത്തെ ഏറ്റവും മികച്ച ഫുട്​ബാളർക്കുള്ള ഫിഫ ബാലൺ ദി ​ഓർ പുരസ്​കാരം. എണ്ണിയാലൊടുങ്ങാത്ത വലിയ നേട്ടങ്ങൾ വേറെയും. അതിനിടെയായിരുന്നു, റയൽ മഡ്രിഡിൽനിന്ന്​ കിടിലൻ ഓഫർ വരുന്നത്​. 11 കോടി ഡോളർ (800 കോടി രൂപ) നൽകി​ പ്രിമിയർ ലീഗിൽനിന്ന്​ ലാ ലിഗയി​െലത്തിച്ച താരത്തെ നീണ്ട ഒമ്പതു വർഷമാണ്​ റയൽ പൊന്നുപോലെ കാത്തത്​, ക്രിസ്റ്റ്യാനോ തിരിച്ചും. ലോക ഫുട്​ബാളിൽ പുതിയ റെക്കോഡുകളിലേക്ക് ഒറ്റയാനായി​ പറന്നുകയറിയ കാലം. അയൽപക്കത്ത്​, കറ്റാലൻ നിരയിൽ കൊമ്പുകോർക്കാനും ഗോൾവേട്ടയിൽ മാറിയും മറിഞ്ഞും മുന്നിൽനിൽക്കാനും ലയണൽ മെസ്സി ഉണ്ടായിരുന്നതിനാൽ മൈതാനത്തും മാധ്യമങ്ങളിലും പോരാട്ടം ഒരുപോലെ കത്തിനിന്നു. 438 കളികളിൽ ടീമിനായി ക്രിസ്റ്റ്യാനോ സ്​കോർ ചെയ്​തത്​ 450 തവണ. 10ാം യൂറോപ്യൻ കപ്പ്​ സമ്മാനിച്ച്​ സൂപർ താരം മടങ്ങുംമുമ്പ്​ റയൽ പലതു ഷെൽഫിലെത്തിച്ചുകഴിഞ്ഞിരുന്നു. 2016- 18 കാലയളവിൽ തുടർച്ചയായ മൂന്നു വർഷം ലാ ലിഗ കിരീടം അതിലൊന്നു മാത്രം. പിന്നീടാണ്​ ഇറ്റലിയിലെ പണമൊഴുകും ക്ലബായ യുവന്‍റസിലെത്തുന്നത്​. അവിടെയും താരത്തിളക്കത്തിന്​ മങ്ങലേൽക്കാതെ ക്രിസ്റ്റ്യാനോ കാത്തു.

അതിന​ിടെ, പുതിയ ട്രാൻസ്​ഫർ ജാലകം തുറന്നതോടെ റോണോയുടെ മടക്കം സംബന്ധിച്ച വാർത്തകൾക്കും ചൂടുപിടിച്ചു. മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്നായിരുന്നു ആദ്യ ഗോസിപുകൾ. പ്രായം 36ലെത്തുകയും കാലിലെ ശൗര്യം പഴയ ഊക്ക്​ കാണിക്കുന്നില്ലെന്ന പരാതി ഉയരുകയും ചെയ്​തിട്ടും ടീമുകൾ പിന്നാലെ കൂടി. അതിനിടെ, യുവെ വിടാൻ അനുമതി തേടിയ വാർത്ത കോച്ച്​ മാസിമിലാനോ അലെഗ്രി പരസ്യമാക്കിയും നാം കണ്ടു.

എല്ലാം കലങ്ങിമറിയുന്നതിനിടെയാണ്​ പഴയ ശിഷ്യനെ തേടി സർ അലക്​സ്​ ഫെർഗുസന്‍റെ ആ വിളി എത്തുന്നത്​. തുടക്കം നൽകിയ പഴയ തട്ടകത്തെ മാനിക്കാനായിരുന്നു ആവശ്യം. ഫെർഗുസണിനു പുറമെ ബ്രൂണോ ഫെർണാണ്ടസ്​ ഉൾപെടെ താരങ്ങളും, ഫോൺ വിളികളും ചാറ്റുകളുമായി വിടാതെ കൂടിയ​തിനൊടുവിൽ ക്രിസ്റ്റ്യാനോ തീരുമാനമെടുത്തു- ഇനി യുനൈറ്റഡിൽ കളിക്കും.

അന്ന്​ യുനൈറ്റഡ്​ ജഴ്​സി അണിഞ്ഞ കാലത്തെ തിളപ്പ്​ അത്രക്ക്​ പോരെങ്കിലും ക്രിസ്റ്റ്യാനോക്കു പകരം നിൽക്കാൻ ഇപ്പോഴും ലോക ഫുട്​ബാളിൽ ആളില്ലെന്നതു തന്നെ മതി ടീമിന്​ കരുത്തുകൂട്ടാൻ. പോൾ ​േപാഗ്​ബ, ബ്രൂണോ എന്നിവർക്കൊപ്പം മുന്നേറ്റം ഭരിക്കാൻ റോണോ ഉണ്ടായാൽ യുനൈറ്റഡി​ന്​ വർഷങ്ങൾക്കു ശേഷം ആദ്യമായി കിരീടവും സ്വപ്​നം കാണാം. 2013ൽ ഫെർഗുസൺ ടീം വിട്ട ശേഷം ഇതുവരെയും പ്രിമിയർ ലീഗിൽ ചാമ്പ്യൻപട്ടം യുനൈറ്റഡ്​ ഷെൽഫിലെത്തിയിട്ടില്ല. അതുതിരുത്തിയാകുമോ രണ്ടാമൂഴം എന്ന കാത്തിരിപ്പിലാണ്​ ആരാധകർ.

അഞ്ചു തവണ ബാലൻ ദി ഓർ സ്വന്തമാക്കിയ താരത്തിന്‍റെ കരിയറിൽ വിവിധ ടീമുകൾക്കൊപ്പം സ്വന്തമാക്കാനായത്​ 30 മുൻനിര കിരീടങ്ങൾ. അഞ്ച്​ ചാമ്പ്യൻസ്​ ലീഗ്​ ട്രോഫിയിൽ തുടങ്ങി നാല്​ ഫിഫ ക്ലബ്​ വേൾഡ്​ കപ്​, ഏഴ്​ ലീഗ്​ കിരീടങ്ങൾ, പോർചുഗൽ ജഴ്​സിയിൽ യൂറോ കിരീടം എന്നിങ്ങനെ പലതും. യുനൈറ്റഡിനു വേണ്ടി സ്​കോർ ചെയ്​തത്​ 118 ഗോളുകളും. അതിൽ ഇനിയെത്ര കൂടുമെന്നു കൂടി കാത്തിരുന്ന്​ കാണാം.

Tags:    
News Summary - Manchester United, Cristiano Ronaldo Reunite To Rekindle Past Glories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.