മന്ത്സൗർ: കർഷകപ്രക്ഷോഭം രൂക്ഷമായ മധ്യപ്രദേശിലെ മന്ത്സൗറിൽ രണ്ടു കർഷകർ കൂടി മരിച്ചു. മർദനമേറ്റ പരിക്കുകളോടെ ഇന്ദോറിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഘനശ്യാം ഥകത് (26) മരിച്ചപ്പോൾ സഗോനിയ ഗ്രാമത്തിലെ കിഷൻലാൽ മീണ (45) കടംകയറി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതോടെ കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മന്ത്സൗറിൽ മരിച്ചവരുടെ എണ്ണം ഏഴായി. പൊലീസ് മർദനത്തെ തുടർന്നാണ് ഘനശ്യാമിെൻറ മരണമെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ, മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ക്ഷേത്രത്തിൽ പോവുകയായിരുന്ന ഘനശ്യാമിനെ പൊലീസ് തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. കിഷൻലാലിന് സ്വകാര്യ ബാങ്കിൽ 10 ലക്ഷമടക്കം 17 ലക്ഷം രൂപ കടമുണ്ടായിരുന്നു. കൂടാതെ വൈദ്യുതി ബില്ലും കുടിശ്ശികയുണ്ടായിരുന്നു.
അതിനിടെ, പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നിരാഹാരം പ്രഖ്യാപിച്ചു.ശനിയാഴ്ച രാവിലെ 11 മുതൽ ദറ മൈതാനത്ത് നിരാഹാരമിരിക്കുന്ന തന്നെ കണ്ട് കർഷകർക്ക് പരാതികൾ ശ്രദ്ധയിൽപ്പെടുത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രക്ഷോഭം സംസ്ഥാനത്തിെൻറ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചുതുടങ്ങി. ഭോപാലിലെ ഫാൻഡ പ്രദേശത്ത് പ്രക്ഷോഭകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. 27 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രക്ഷോഭബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ആം ആദ്മി പാർട്ടി നേതൃത്വത്തെ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം മന്ത്സൗറിലെത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കർഷകരുടെ സാമ്പത്തികനില മെച്ചപ്പെടുത്താനും വരുമാനം ഇരട്ടിയാക്കാനും സർക്കാർ ശ്രമിച്ചുവരുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.