ന്യൂഡൽഹി: മധ്യപ്രദേശിലെ മൻദ്സൗറിൽ അഞ്ച് കർഷകരുടെ ജീവനെടുത്ത വെടിവെപ്പിലേക്ക് നയിച്ച പ്രകോപനം സൃഷ്ടിച്ചത് പൊലീസ്. കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടി നേതാക്കളെ കടത്തിവിടാതെ ഒരു വിവരവും പുറംലോകമറിയാതെ കാക്കുകയാണ് സംസ്ഥാന സർക്കാർ. ഗ്രാമങ്ങളിൽ പൊലീസ് രാജ് നടമാടുന്നു.
വിലത്തകർച്ചയിലും കടത്തിലും ജീവിതം മടുത്ത ജനങ്ങളെ കേസിൽപെടുത്താതിരിക്കാൻ ഭീഷണിപ്പെടുത്തി പണം വാങ്ങുകയാണ് പൊലീസ്. പൊലീസിെൻറയും ഭരണകൂടത്തിെൻറയും കണ്ണുവെട്ടിച്ച് പുറത്തുനിന്ന് മൻദ്സൗറിലും സമീപ ജില്ലയിലും ആദ്യമായി എത്തിയ അഖിലേന്ത്യ കിസാൻ സഭ (എ.െഎ.കെ.എസ്) നേതാക്കൾ അകം നീറ്റുന്ന ദൃശ്യങ്ങൾക്കാണ് സാക്ഷിയായത്. ഹനൻമൊല്ല, അമ്ര റാം, വിജു കൃഷ്ണൻ എന്നിവരാണ് തങ്ങളുടെ യാത്രാനുഭവം പങ്കുെവച്ചത്.
മൻദ്സൗറിലെ പിപ്പിലയമണ്ടിയിൽ ജൂൺ ആറിന് സമാധാനപരമായി യോഗം ചേരുന്നതിനിടെ ബൈക്കുകൾ പ്രകോപനമില്ലാതെ പൊലീസ് അടിച്ചു തകർക്കുകയായിരുന്നുവെന്ന് കർഷകർ നേതാക്കളോട് പറഞ്ഞു. ഇത് തടുക്കാൻ ചെന്ന കർഷകരെ മർദിച്ചു. സംഘർഷത്തിലേക്ക് എത്തിച്ചശേഷം മുന്നറിയിപ്പില്ലാതെ വെടിവെച്ചു. അരക്കു മുകളിലേക്കാണ് വെടിവെച്ചത്. ഇത് കൊല്ലപ്പെടണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നുവെന്ന് കർഷകർ പറഞ്ഞു.
കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് കൈക്കൂലി വാങ്ങുകയാണെന്ന് കർഷകർ പരാതിപ്പെട്ടു. 574 പേർക്കെതിരെ എഫ്.െഎ.ആർ എടുത്തുവെന്നും പേര് ഒഴിവാക്കണമെങ്കിൽ കാശ് തരണമെന്നുമാണ് പൊലീസ് പറയുന്നത്. വെടിവെപ്പിൽ കൊല്ലപ്പെട്ട നീമച്ച് ജില്ലയിലെ 23കാരനായ ചയിൻ റാം പട്യാദാർ, മൻദ്സൗറിലെ 17കാരനായ അഭിഷേക് പട്യാദാർ എന്നിവരുടെ വീടുകളിലും സംഘം പോയി. വഴിക്ക് പൊലീസ് തടഞ്ഞുവെങ്കിലും സാമൂഹികപ്രവർത്തകർ എന്നു പറഞ്ഞ് രക്ഷപ്പെട്ടു.
കൊല്ലപ്പെട്ട ചയിൻറാം കഴിഞ്ഞ മേയിലാണ് വിവാഹിതനായത്. രണ്ട് ബിഗാ ഭൂമി മാത്രമാണ് മാതാപിതാക്കളും ഭാര്യയും സഹോദരനും അടങ്ങുന്ന കുടുംബത്തിന് സ്വന്തം. പത്താം ക്ലാസ് പാസായ അഭിഷേകിെൻറ കുടുംബത്തിന് 34 ബിഗാ ഭൂമിയുണ്ടായിരുന്നുവെങ്കിലും പ്രാരബ്ധം മൂലം ആറ് ബിഗാ ഭൂമി വിറ്റു.
ഇവരുടേതുൾപ്പെടെ ഭൂരിഭാഗം കുടുംബങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണ്. പല വീടുകളിലും ചാക്കുകണക്കിനാണ് വെളുത്തുള്ളി ഉൾപ്പെടെയുള്ള വിളകൾ വിൽക്കാനാവാതെ ചാക്കിൽ കെട്ടിെവച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ക്വിൻറലിന് 5,000-6,000 രൂപ വരെ ഉണ്ടായിരുന്ന സോയാബീനിന് ഇപ്പോൾ 2,200- 2,400 രൂപയേ ഉള്ളൂ. 9,000-10,000 രൂപ ഉണ്ടായിരുന്ന കടലക്ക് ക്വിൻറലിന് 4,000 രൂപയാണ്. ഗോതമ്പിന് 1,200 രൂപ. ഇതാവെട്ട സർക്കാർ താങ്ങുവിലയായ 1,625 രൂപയേക്കാൾ കുറവാണ്.
വെടിവെപ്പിന് ഒരാഴ്ചശേഷം ഇന്നലെയാണ് മുഖ്യമന്ത്രി പ്രദേശം സന്ദർശിച്ചത്. മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കൾ മാധ്യമങ്ങൾക്കുവേണ്ടി പ്രകടനം നടത്തുകയാണെന്നും േനതാക്കൾ പറഞ്ഞു. രാജ്യസഭ എം.പി സോമപ്രസാദ്, കൃഷ്ണപ്രസാദ്, ഗുരുചരൺ സിങ് മോർ, ജസ്വിന്ദർ സിങ് എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.