മംഗളൂരു ഓട്ടോ സ്​ഫോടനം: ഉത്തരവാദിത്ത​മേറ്റ് പുതിയ തീവ്രവാദ സംഘടനയുടെ പേരിൽ കത്ത്

മംഗളൂരു: മംഗളൂരുവിൽ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ഓട്ടോറിക്ഷ സ്ഫോടനത്തിന്റെ ഉത്തരവാദിത്ത​മേറ്റെടുത്ത് പുതിയ തീവ്രവാദ സംഘടനയുടെ പേരിൽ കത്ത്. ഇസ്‍ലാമിക് റെസിസ്റ്റൻസ് കൗൺസിൽ എന്ന സംഘടനയുടെ പേരിലാണ് പൊലീസിന് കത്ത് ലഭിച്ചത്. എന്നാൽ, ഈ കത്ത് യഥാർഥമാണോ എന്നതിനെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനം നടത്തിയത് പ്രശസ്തമായ മഞ്ജുനാഥ് ക്ഷേത്രം ലക്ഷ്യമിട്ടാണെന്ന് ഇതിൽ അവകാശപ്പെടുന്നതായും ഇത്തരമൊരു സംഘടനയെ കുറിച്ച് ഇതുവരെ അറിവില്ലെന്നും പൊലീസ് പറയുന്നു.

തീവ്രവാദ ആക്രമണമായാണ് സ്ഫോടനത്തെ പൊലീസ് നോക്കിക്കാണുന്നത്. സംഭവത്തിൽ പ്രതിയായ ഓട്ടോയാത്രികൻ ഷെരീഖ് ഇ​പ്പോഴും ആശുപത്രിയിൽ തുടരുകയാണ്. ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച കത്തിൽ മുതിർന്ന പൊലീസ് ഓഫിസർ അലോക് കുമാറിന് ഭീഷണിയുമുണ്ട്. എവിടെ നിന്നാണ് കത്തയച്ചതെന്ന് വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.

ഷെരീഖിന്റെ ഫോട്ടോസഹിതം ഇംഗ്ലീഷിൽ അച്ചടിച്ചതാണ് കത്ത്. കാവി തീവ്രവാദികളുടെ താളവമായ കദ്രിയിലെ ക്ഷേത്രം ​ആക്രമിക്കാനുള്ള ശ്രമമായിരുന്നു. ഞങ്ങൾക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചതുകൊണ്ടാണ് പ്രതികാരം ചെയ്യുന്നത്. ആൾക്കൂട്ട കൊലപാതകം, അടിച്ചമർത്തുന്ന നിയമങ്ങൾ, മതത്തിലുള്ള ഇടപെടൽ, നിരപരാധികൾ ജയിലുകളിൽ കഴിയേണ്ടി വരുന്നത് തുടങ്ങിയവ കൂടാതെ, ഇന്ന് പൊതു ഇടങ്ങളിൽ നമ്മുടെ വംശഹത്യക്കു വേണ്ടിയുള്ള ആഹ്വാനങ്ങളും പ്രതിധ്വനിക്കുന്നു. മുസ്ലിംകൾ എന്ന നിലയിൽ അടിച്ചമർത്തലുകൾ നേരിടുമ്പോൾ ജിഹാദ് ചെയ്യാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു. - എന്നാണ് കത്തിൽ കുറിച്ചിരുന്നത്.

Tags:    
News Summary - Mangaluru Blast: Unknown Group Islamic Resistance Council Takes Responsibility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.