ഇംഫാൽ: മാസങ്ങളായി വംശീയ സംഘർഷം തുടരുന്ന മണിപ്പൂരിൽ വൻ ആയുധ വേട്ട. സൈന്യത്തിന്റെയും പൊലീസിന്റെയും കൈയിൽനിന്ന് കലാപകാരികൾ കൊള്ളയടിച്ചതടക്കമുള്ള 2000ത്തോളം ആയുധങ്ങൾ പൊലീസ് പിടികൂടി.
ഇംഫാൽ ഈസ്റ്റ് ജില്ലയിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് മൂന്ന് എ.കെ. 47 അടക്കമുള്ള വൻ ആയുധശേഖരവും വെടിക്കോപ്പുകളും പിടികൂടിയതെന്ന് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
സഗോൽമാങ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാന്തിപൂർ, ഖമെൻലോക്, വകാൻ പ്രദേശങ്ങളിൽ നിന്നാണ് ഇവ കണ്ടെടുത്തത്. മൂന്ന് എ.കെ. 47/56, നാല് മെഷീൻ ഗണ്ണുകൾ, ഏഴ് എസ്.എൽ.ആർ തോക്കുകൾ ഉൾപ്പെടെ 36 എണ്ണവും 1,615 വെടിക്കോപ്പുകളും 82 ഹാൻഡ് ഗ്രനേഡുകളും ആണ് പിടികൂടിയത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും വാക്കി ടോക്കി സെറ്റുകളും ഉൾപ്പെടെ 132 സൈനികോപകരണങ്ങളും സുരക്ഷാ സേന കണ്ടെടുത്തു.
പിടിച്ചെടുത്ത വസ്തുക്കൾ തുടർ നിയമനടപടികൾക്കായി സഗോൽമാങ് പൊലീസ് സ്റ്റേഷനിൽ കൈമാറി. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ, സ്വമേധയാ ആയുധം സമർപ്പിക്കുന്ന കലാപകാരികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യില്ലെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.