ന്യൂഡൽഹി: മണിപ്പൂരിൽ അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മോദി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ സംരക്ഷിക്കാൻ മോദി സർക്കാരിന് കഴിയില്ലെന്ന് ഈ സംഭവം ഒരിക്കൽ കൂടി തെളിയിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ജയറാം രമേശും ഉൾപ്പെടെയുള്ള മറ്റ് കോൺഗ്രസ് നേതാക്കളും ആക്രമണത്തെ അപലപിച്ചു.
സൈനികരുടെ രക്തസാക്ഷിത്വം രാജ്യത്തിന് വിസ്മരിക്കാൻ കഴിയുന്നതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. ഭീരുക്കളുടെ ആക്രമണം അങ്ങേയറ്റം വേദനജനകവും അപലപനീയവുമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു. അസം റൈഫ്ൾസ് കമാൻഡിങ് ഓഫിസറും ഭാര്യയും മകനും മറ്റു നാല് അർധസൈനികരുമടക്കം ഏഴുപേരാണ് മണിപ്പൂരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. കേണൽ വിപ്ലവ് ത്രിപാഠിയാണ് വീരമൃത്യു വരിച്ച കമാൻഡിങ് ഓഫിസർ. ഖുഗ ബറ്റാലിയൻ മേധാവിയായ ഇദ്ദേഹം സഞ്ചരിച്ച വാഹനവ്യൂഹത്തെ ഭീകരർ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. വാഹനവ്യൂഹം മ്യാന്മർ അതിർത്തിയോട് ചേർന്ന ചുരാചന്ദ്പുർ ജില്ലയിലെ സെഹ്കാൻ ഗ്രാമത്തിലേക്ക് നീങ്ങവേയാണ് ആക്രമണം. ഉടൻ തിരിച്ചടിച്ചെങ്കിലും ഏഴുപേരുടെ ജീവൻ നഷ്ടമായി. ദ്രുതകർമസേന ഭടന്മാരാണ് നാലുപേർ. പരിക്കേറ്റവരെ ബെഹിയാംഗ ഹെൽത്ത് കെയർ സെൻററിൽ പ്രവേശിപ്പിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകനും പ്രാദേശിക ഹിന്ദി ദിനപത്രമായ ദൈനിക് ബയാറിെൻറ എഡിറ്ററുമായ സുഭാഷ് ത്രിപാഠിയുടെ മകനാണ് വിപ്ലവ്.
അതിനിടെ, പീപ്ൾസ് ലിബറേഷൻ ആർമിയും മണിപ്പൂർ നാഗ പീപ്ൾസ് ഫ്രണ്ടും (എം.എൻ.പി.എഫ്) ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തു. സ്വന്തം ആളുകളെ സംരക്ഷിക്കാനാണ് ആക്രമണം നടത്തിയതെന്നാണ് സംയുക്ത പ്രസ്താവനയിൽ അവകാശപ്പെട്ടത്. ഭൂമിയുടെയും ജനങ്ങളുടെയും അവകാശങ്ങൾ അടിച്ചമർത്താനുള്ള ശ്രമങ്ങള്‍ക്കെതിരായ പ്രക്ഷോഭമാണിത്. അവകാശങ്ങൾ തിരികെ ലഭിക്കുംവരെ നിശ്ശബ്ദരായിരിക്കില്ലെന്നും കൂട്ടിച്ചേർത്തു. അതേസമയം, ആക്രമണത്തിനു മുമ്പ് മണിപ്പൂർ കുന്നുകളിൽ നാടൻ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചിരുന്നതായി പ്രദേശവാസികൾ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.