ന്യൂഡൽഹി: മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് ഇന്ന് രാജിസമർപ്പിച്ചേക്കും. സംസ്ഥാനത്തെ ക്രമസമാധാനനില കൂടുതൽ മോശമാകുന്നതിനിടെയാണ് ബിരേൻ സിങ് രാജിവെക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. മണിപ്പൂർ ഗവർണർക്ക് ഇന്ന് തന്നെ അദ്ദേഹം രാജിക്കത്ത് കൈമാറുമെന്നാണ് റിപ്പോർട്ട്.
മണിപ്പൂർ വിഷയത്തിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന ആരോപണം പ്രതിപക്ഷം ശക്തമായി ഉയർത്തുന്നതിനിടെയാണ് രാജിവാർത്തകളും പുറത്ത് വരുന്നത് . നിലവിലെ സംസ്ഥാന സർക്കാറിനെ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനും സാധ്യതയുണ്ട്. നേരത്തെ ജൂൺ 23ന് മുഖ്യമന്ത്രി ബിരേൻ സിങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മണിപ്പൂരിലെ സാഹചര്യം ആഭ്യന്തര മന്ത്രിയെ അറിയിച്ചുവെന്നാണ് ബിരേൻ സിങ് അന്ന് പറഞ്ഞത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സംഘർഷം തടയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മണിപ്പൂരിൽ മെയ്തേയി, കുക്കി വിഭാഗങ്ങൾക്കിടയിൽ ഉടലെടുത്ത സംഘർഷത്തിൽ ഇതുവരെ 100 പേർ മരിച്ചിട്ടുണ്ട്. മെയ് മൂന്നിന് ഉടലെടുത്ത സംഘർഷം ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.